
തൃശൂർ: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് നൽകുമെന്ന് വ്യക്തമാക്കി ധന്യയും സനീഷും. ഗുരുവായൂരിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വീഡിയോ നേരത്തെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി ധന്യയെയും കുടുംബത്തെയും സന്ദർശിച്ച് മകളുടെ വിവാഹത്തിനായുള്ള മുല്ലപ്പൂവിന്റെ ഓർഡർ നൽകിയിരുന്നു. സുരേഷ് ഗോപിയുടെ മകൾക്ക് തന്റെ സ്വന്തം കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്നായിരുന്നു ധന്യ നേരത്തെ അറിയിച്ചത്.
ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ വഴിയോരത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്നത്. മകനെ നോക്കാൻ മറ്റാരുമില്ലാത്തതിനാലാണ് മുല്ലപ്പൂ വിൽപ്പനയ്ക്ക് ധന്യ കുഞ്ഞുമായി എത്തുന്നത്. പ്രണയവിവാഹം ആയതിനാൽ നേരത്തെ തന്നെ ധന്യയെ കുടുംബം കയ്യൊഴിഞ്ഞിരുന്നു. ഭർത്താവിന് മരുന്ന് വാങ്ങാൻ മാത്രം മാസം എണ്ണായിരത്തോളം രൂപ വേണം. നിത്യചെലവുകൾക്കും ഭർത്താവിന്റെ മരുന്നിനും വേണ്ടി പണം കണ്ടെത്തുന്നതിനായാണ് ധന്യ മുല്ലപ്പൂ കച്ചവടത്തിനെത്തുന്നത്.
300 മുഴം മുല്ലപ്പൂവാണ് മകളുടെ വിവാഹത്തിനായി സുരേഷ് ഗോപി ഓർഡർ ചെയ്തിരുന്നത്. എന്നാൽ, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് 500 മുഴം മുല്ലപ്പൂവ് നൽകുമെന്ന് ധന്യ- സനീഷ് ദമ്പതികൾ വ്യക്തമാക്കുകയായിരുന്നു.
Post Your Comments