ശബരിമല: നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന തകൃതിയായി നടന്നതോടെ നിലയ്ക്കലിൽ പരിശോധന കർശനമാക്കി ഉദ്യോഗസ്ഥ സംഘം. പ്ലാസ്റ്റിക് നിരോധിത മേഖലയായ നിലയ്ക്കലിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് വൻ തോതിൽ പ്ലാസ്റ്റിക് കുപ്പി വെള്ളവും, ജ്യൂസും പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ പലഹാരങ്ങളും കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യാൻ വ്യാപാരികളോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമലംഘനം നടത്തിയതോടെ വ്യാപാരികൾക്ക് നോട്ടീസും നൽകി. ഇന്ന് വൈകിട്ടോടെ മുഴുവൻ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നീക്കം ചെയ്യാനാണ് നിർദ്ദേശം.
നിലയ്ക്കൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവ് ഇതിനോടകം ഹൈക്കോടതി പുറത്തിറക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളവും മറ്റ് ആഹാരവസ്തുക്കളും വാങ്ങുന്നവർ, അവ പിന്നീട് പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ശബരിമലക്കാടുകളിലാണ് നിക്ഷേപിക്കുന്നത്. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്നതാണ്. നോട്ടീസിലെ സമയപരിധി കഴിയുന്ന മുറയ്ക്ക് കടകളിൽ വീണ്ടും പരിശോധന നടത്താൻ ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇനിയും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കണ്ടെത്തിയാൽ പിഴ ഈടാക്കി നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.
Also Read: ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം: ചില ജ്യോതിഷ വിചാരങ്ങൾ
Post Your Comments