KeralaLatest NewsNews

പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല: തീ ശമിപ്പിക്കാൻ നടപടികളെടുത്തുവെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്ലാസ്റ്റിക് മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തര ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: ‘സിസോദിയയെ ഭീകരരായ തടവുകാർക്കിടയിൽ പാർപ്പിച്ച് ജയിലിൽ വെച്ച് കൊല്ലാൻ ബിജെപി ആസൂത്രണം ചെയ്യുന്നതായി എഎപി

ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജൈവമാലിന്യം കഴിവതും ഉറവിടത്തിൽ സംസ്‌ക്കരിക്കാൻ നിർദേശം നൽകും. ജൈവ മാലിന്യ സംസ്‌ക്കരണത്തിന് വിൻഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയർ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടർ, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരടങ്ങിയ എംപവേഡ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവൽക്കരിക്കും. മന്ത്രിമാരും മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങൾ ഇതിനായി ചേരണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്‌സ്, പോലിസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്മോൾഡറിങ് ആണ് പ്രധാനമായും പ്ലാന്റിൽ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപിടുത്തത്തിന്റെ ആക്കം കൂട്ടി. തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന രക്ഷ സേനയുടെ ശ്രമങ്ങൾക്ക് പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കിയതായി യോഗത്തിൽ വ്യക്തമാക്കി.

കത്തിപ്പടരുന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്ന സ്ഥിതി തുടർന്നു. ഇതുവഴിയാണ് പ്ലാന്റിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായത്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്. അഗ്നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്.

ബ്രഹ്മപുരം പ്ലാന്റിൽ തീപിടുത്തമുണ്ടായ വിവരം ലഭിച്ചത് മുതൽ ജില്ലാ ഭരണകൂടം തീയണയക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വരികയാണ്. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 300 അഗ്‌നിശമന സേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകൾ, 4 ഹെലികോപ്റ്ററുകൾ, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകൾ, 36 ഹിറ്റാച്ചി ജെസിബികൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനം നടത്തി വരികയാണ്. യോഗത്തിൽ മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, വീണ ജോർജ്, കൊച്ചി മേയർ എം അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ വി പി ജോയി, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ വി വേണു, ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ഫയർ ഫോഴ്‌സ് ഡയറക്ടർ ബി.സന്ധ്യ, ജില്ലാ കലക്ടർ ഡോ രേണു രാജ് തുടങ്ങിയവർ സംസാരിച്ചു. എയർഫോഴ്‌സ്, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും യോഗത്തിൽ പങ്കെടുത്തു.

Read Also: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്ന ആരോപണം: പോക്‌സോ ചുമത്തിയ വയോധികൻ കുറിപ്പെഴുതി ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button