KeralaLatest NewsNews

ഷഹാനയുടെ ആത്മഹത്യ; പ്രതികളായ ഭർത്താവിനും കൂട്ടർക്കും വിവരം ചോര്‍ത്തി നല്‍കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ സഹായിച്ച പോലീസുകാരനെതിരെ നടപടി. തിരുവല്ലം സ്വദേശിനി ഷഹാന ഷാജിയുടെ ആത്മഹത്യാക്കേസിൽ പ്രതികളെ സഹായിച്ചതിന് കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ നവാസിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

പോലീസുകാരനെതിരേ നടപടി ആവശ്യപ്പെട്ട് ഫോർട്ട് എ സി നേരത്തെ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഷഹാന ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് നൗഫൽ, ഭർതൃമാതാവ് എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇവർ ഒളിവിൽപ്പോയി. ഒളിവിൽപ്പോയ പ്രതികൾ കടയ്ക്കൽ സ്റ്റേഷൻ പരിധിയിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ തിരുവല്ലം പോലീസ് അങ്ങോട്ടേക്ക് പോയി.

കടയ്ക്കൽ പോലീസിനെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ, സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ നവാസ് ഈ വിവരം പ്രതികളെ അറിയിച്ചു. ഇത് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി. തുടർന്നാണ് ഫോർട്ട് എ സി എസ് ഷാജി, വിവരം ചോർത്തിയ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയത്. ഡിസംബർ 26-ന് വൈകിട്ടാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനമാണ് മരണകാരണമെന്നായിരുന്നു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button