തോക്ക് ചൂണ്ടിയ ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് ഞാൻ: പിണറായി വിജയൻ

കൊല്ലം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ ഭീരുവെന്ന് വിശേഷിപ്പിച്ച സതീശന്‍, തനിക്ക് ഭയമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റയ്ക്ക് പോകുമ്പോള്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയിട്ടുണ്ടെന്നും അത്തരം ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് താനെന്നും സതീശന്‍ മനസ്സിലാക്കണമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ;

നവകേരള സദസിന്റെ വിജയം ചിലരില്‍ അസ്വസ്ഥത സൃഷ്ടിച്ചു. കല്യാശ്ശേരിയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരത്തിലധികം ആളുകള്‍ നില്‍ക്കുന്ന ഒരു കവലയില്‍ രണ്ട് ചെറുപ്പക്കാര്‍ കരിങ്കൊടിയുമായി ബസിന് മുന്നിലേക്ക് ചാടിവീണു. അവിടെയുള്ള ചില ചെറുപ്പക്കാര്‍ ഇവര്‍ അപകടത്തില്‍പ്പെടുമെന്ന് കണ്ട് ചാടിവീണവരെ തള്ളിമാറ്റി. തള്ളിമാറ്റിയില്ലെങ്കില്‍ എന്താകും സംഭവിക്കുക. അവരുടെ ജീവന്‍ രക്ഷിക്കുക എന്നത് എല്ലാവരുടേയും ബാധ്യതയല്ലേ. അത് മനുഷ്യത്വപരമായി ചെയ്യുന്നതല്ലേ.

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചു, ഉത്തരവ് പുറത്തിറക്കി റവന്യൂ വകുപ്പ്

എന്തിനായിരുന്നു പ്രതിഷേധം? നവകേരള സദസ്സില്‍ എന്താണ്‌ പ്രതിഷേധിക്കാനുള്ളത്. പ്രതിഷേധം ആസൂത്രണം ചെയ്ത ആള്‍ തന്നെ ഇന്ന് രംഗത്ത് വന്നിരിക്കുന്നു. അത് നമ്മുടെ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാണ്. 2,200 പോലീസുകാരുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന യാത്രയാണ് ഇതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഈ നവകേരള യാത്ര ഒരു സാധാരണ ബസിലാണ് പോകുന്നത്. സാധാരണ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പോലീസ് വണ്ടിയാണ് അതിന് മുന്നിലുള്ളത്. അതിന് മുന്നില്‍ വഴി കാണിക്കാനുള്ള പോലീസ് വണ്ടിയുണ്ട്. പിന്നില്‍, സാധാരണ നിലയ്ക്ക് എന്റെ കൂടെയുള്ള ഒരു വണ്ടിയുണ്ട്. അതിന്റെ പിന്നില്‍ മറ്റൊരു വണ്ടിയുമുണ്ട്. ഇതാണ് 2200 പോലീസുകാര്‍ എന്ന് പറയുന്നത്.

വാഹനത്തിന് നേരെ അടിക്കുന്ന നില വന്നപ്പോള്‍ കൊല്ലത്ത് ഒരു വണ്ടി കൂടുതലായി വന്നു. എന്തിനാണ് ഇത്രവലിയ അപവാദം പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നത്. നാല് വാഹനങ്ങളില്‍ ക്രിമിനലുകള്‍ എന്റെ കൂടെ സ്വയംരക്ഷയ്ക്ക് ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എനിക്ക് സതീശനോട് പറയാനുള്ളത്. കുറച്ച് കാലമായല്ലോ പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയിട്ട്. പൊതുപ്രവര്‍ത്തനം ആരംഭിച്ച ശേഷം എനിക്ക് പോകേണ്ട സ്ഥലങ്ങളിലൊക്കെ പോയിട്ടുള്ള ആളാണ് ഞാന്‍. അത് തടയാന്‍ നോക്കിയവരൊക്കെയുണ്ടായിരുന്നു. അതൊന്നും നടന്നിട്ടില്ല. അതൊന്നും പോലീസ് സംരക്ഷണത്തില്‍ പോയതല്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയ്ക്ക് പോയതാണ്. അതിനൊന്നും വലിയതോതില്‍ മറ്റു സംരക്ഷണത്തിന് വല്ലാത്ത ആവശ്യമില്ലെന്നത് അദ്ദേഹം മനസ്സിലാക്കിയാല്‍ നല്ലത്.

റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ നാളെ മുതൽ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

ഭീരുവായ മുഖ്യമന്ത്രിയെന്നാണ് അദ്ദേഹം എന്നെ വിശേഷിപ്പിച്ചത്. ഞാന്‍ സതീശന്റെ അത്ര ധീരതയുള്ള ആളാണെന്ന് അവകാശപ്പെട്ടിട്ടില്ല. അത്‌ സമൂഹം വിലയിരുത്തട്ടെ. സതീശന്‍ പറഞ്ഞതുകൊണ്ട് ഞാന്‍ ഭീരുവോ അല്ലാതാവുകയോ ചെയ്യുന്നില്ല. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രിക്കെന്ന് ഇന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ നാണിക്കേണ്ടതായ എന്ത് കാര്യമാണ് എന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സതീശന്‍ വ്യക്തമാക്കേണ്ടതായിരുന്നു. ക്രിമിനലുകളുടെ കൂടെ സഞ്ചരിക്കുന്നത് യൂത്ത് കോണ്‍ഗ്രസിനെ ഭയന്നിട്ടാണോ എന്നതാണ്. ഞാനതിന് മറുപടി പറയുന്നില്ല. സതീശന്റെ പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. അവരുടെ ഒരു പ്രതാപകകാലമുണ്ടായിരുന്നു. ആ പ്രതാപകാലത്ത് പോലീസിനെ കൂടെ നിര്‍ത്തി ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടിരുന്ന കാലം.

ആ കാലത്തും ഞാനതിലെയൊക്കെ നടന്നിട്ടുണ്ട്. അത് മനസ്സിലാക്കിക്കോ സതീശാ. എന്റെ നേരെ വെടിയുതിര്‍ത്ത സംഭവമുണ്ടായിട്ടുണ്ട്. അന്നും ഞാനതിലൂടെ നടന്നുപോയിട്ടുണ്ട്. ആ കാലത്ത് തന്നെ എനിക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. അതൊരു ക്രിമിനല്‍ത്താവളമായിരുന്നു. നിങ്ങള്‍ പറയുന്ന ഭീരുവായ ഞാന്‍ ആ ക്രിമിനല്‍ത്താവളത്തിന് മുന്നിലൂടെ ഒറ്റയ്ക്ക് നടന്നുപോയിട്ടുണ്ടെന്ന് സതീശന്‍ മനസ്സിലാക്കണം. യൂത്ത് കോണ്‍ഗ്രസിനെ ആ പ്രതാപകാലത്ത് ഭയപ്പെട്ടിട്ടില്ല. പിന്നെ ഇപ്പോ എന്ത് പ്രതാപമാണ് ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാലോ. അതുകൊണ്ട് വല്ലാതെ മേനിനടിക്കാന്‍ പുറപ്പെടേണ്ട.

Share
Leave a Comment