കൊല്ലം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ചക്കുവള്ളിയിലെ നവകേരള സദസ് വേദി മാറ്റി. ക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന നവകേരള സദസ് ചക്കുവള്ളിയിലെ തന്നെ ഒരു കശുവണ്ടി ഫാക്ടറി മൈതാനത്തേക്കാണ് മാറ്റിയത്. ഇന്നലെ രാത്രിയാണ് പുതിയ വേദി ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ തന്നെ വേദി സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
താലൂക്ക് അധികൃതരും വളരെ വേഗത്തിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഡിസംബർ 18 തിങ്കളാഴ്ചയാണ് കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളിയിൽ നടക്കുക. കഴിഞ്ഞ ദിവസമാണ് ചക്കുവള്ളി ക്ഷേത്രഭൂമിയിൽ നവകേരള സദസ്സ് നടത്താനുള്ള ദേവസ്വം ബോർഡ് അനുമതി ഹൈക്കോടതി റദ്ദാക്കിയത്. നവകേരളസദസ്സ് ക്ഷേത്രഭൂമിയിൽ നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ക്ഷേത്രഭൂമികൾ ആരാധന ആവശ്യങ്ങൾക്ക് അല്ലാതെ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായ സാഹചര്യത്തിലാണ് ഹൈക്കോടതി അനുമതി റദ്ദാക്കിയത്. അതേസമയം, കൊല്ലം കടയ്ക്കലിലെ നവകേരള സദസ് വേദിയും മാറ്റാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ചക്കുവള്ളിയിലെ വേദി സംബന്ധിച്ച് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് കടയ്ക്കലിലെ വേദിയും മാറ്റിയത്. കടയ്ക്കൽ ദേവിക്ഷേത്ര മൈതാനിയിൽ നടത്താൻ നിശ്ചയിച്ച ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ് വേദി കടയ്ക്കൽ ബസ് സ്റ്റാൻഡിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments