ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മദ്യപിച്ച് ട്രെയിൻ ഓടിച്ചതിന് പിടിയിലായത് 1761 ലോക്കോ പൈലറ്റുമാർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ ഭൂരിഭാഗം പേരും ചരക്ക് വണ്ടികൾ ഓടിക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുന്ന ലോക്കോ പൈലറ്റുമാരെ ട്രെയിൻ ഓടിക്കാൻ അനുവദിക്കാറില്ലെന്നും ഇവർക്കെതിരെ ചട്ടമനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8,28,03,387 ബ്രീത്തലൈസർ പരിശോധനയാണ് രാജ്യത്തു നടത്തിയത്. ഇതിൽ പരാജയപ്പെട്ട 1761 ലോക്കോ പൈലറ്റുമാരിൽ 674 പേർ പാസഞ്ചർ ലോക്കോ പൈലറ്റുമാരും 1087 ഗുഡ്സ് ലോക്കോ പൈലറ്റുമാരുമാണ്. നോർതേൺ റെയിൽവേയിൽ ബ്രീത്തലൈസർ ടെസ്റ്റ് 1,00,12,456 ആയിരുന്നു. 521 പേർ പരാജയപ്പെട്ടു. 85,25,988 ടെസ്റ്റുകളാണ് സൗത്ത് സെൻട്രൽ റെയിൽവേയിൽ ഇക്കാലത്തിനിടെ നടത്തിയത്. 73 പേർ മാത്രമാണ് പരാജയപ്പെട്ടത്,’ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Post Your Comments