Latest NewsKeralaNews

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നു കയറുവാൻ കേന്ദ്രത്തെ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച് വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള കേന്ദ്രത്തിനെതിരെ ശക്തമായ നിയമപോരാട്ടത്തിനാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ഫെഡറലിസം സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമായിരിക്കുമിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ ഈ കൈകടത്തൽ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കോടതി ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലം. അടിച്ചേൽപ്പിക്കപ്പെടുന്ന നിയന്ത്രണങ്ങൾ സംസ്ഥാനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വിനാശകരമാവും. പ്രത്യാഘാതങ്ങൾ സമീപഭാവിയിലൊന്നും പരിഹരിക്കാൻ കഴിയുന്നതുമല്ല. കിഫ്ബിയും കെഎസ്എസ്പിഎല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങളെ തടയുന്നതിൽ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: യുഡിഎഫ് നിലപാട് കേരളത്തിന് എതിര്: വിമർശനവുമായി ധനമന്ത്രി

കേന്ദ്ര നടപടികൾ മൂലമുണ്ടായ ഈ ഗുരുതര പ്രതിസന്ധിക്ക് അയവ് വരുത്താനായി 26,226 കോടി രൂപ അടിയന്തരമായി സംസ്ഥാനത്തിന് ആവശ്യമുണ്ട്. പ്രതിസന്ധി മറികടക്കാൻ അതൊന്നും മതിയാകില്ല. കേന്ദ്ര നടപടികൾ മൂലമുണ്ടായ നഷ്ടം അടുത്ത അഞ്ചു വർഷംകൊണ്ട്, രണ്ടുമുതൽ 3 ലക്ഷം കോടി രൂപ വരെയാകും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ അഞ്ചുവർഷ കാലയളവിലെ ജി ഡി പിയുടെ 20 ശതമാനം മുതൽ 30 ശതമാനം വരെ വരും ഇത്. കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതാണിത്. ഈ അപകടം തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിമിതമായ വിഭവശേഷി വെച്ച് പതിറ്റാണ്ടുകൾ കൊണ്ടുപോലും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം ചെന്നുചേരും. വസ്തുതകൾ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശുപാർശ ചെയ്യണമെന്ന ആവശ്യത്തിന്മേൽ ഗവർണർ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറുന്ന കേന്ദ്രത്തോടാണ് യഥാർത്ഥത്തിൽ ഗവർണർ വിശദീകരണം തേടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ജിഎസ്ടി സംവിധാനം അനുസരിച്ച് ജിഎസ്ടി വകുപ്പിനെ അടിമുടി പുന:സംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്റെ ഫലമായി 2020 – 21 മുതലുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായി. എന്നാൽ ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാൻറിൽ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുക തന്നെ ചെയ്തു. നികുതി, നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാൻ നാം ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ മാ​ല പൊ​ട്ടി​ച്ച് ഓ​ടി​: പ്ര​തി​ക​ൾ പി​ടി​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button