ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ നവീകരിക്കുന്നതിനായി ലോക്‌സഭയില്‍ അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനല്‍ നിയമ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് ബില്ലുകള്‍ പിന്‍വലിച്ചത്. ഭാരതീയ ന്യായ സംഹിത ബില്‍, 2023, ഭാരതീയ നാഗരിക സുരക്ഷാ സംഹിത ബില്‍, 2023, ഭാരതീയ സാക്ഷ്യ ബില്‍, 2023 എന്നിവയാണ് പിന്‍വലിച്ചത്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിലെ മൂന്ന് നിയമങ്ങള്‍ക്ക് പകരമായി ഓഗസ്റ്റ് 11 ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരം അവതരിപ്പിച്ച മൂന്ന് ബില്ലുകളാണ് പിന്‍വലിച്ചിരിക്കുന്നത്.
മൂന്ന് ബില്ലുകളും വിശദമായ വിലയിരുത്തലിനായി പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തു. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. ‘ഈ ബില്ലുകളുടെ ശ്രദ്ധ ശിക്ഷയല്ല, നീതി ലഭ്യമാക്കാനാണ്’, ബില്‍ അവതരണത്തിനിടെ അദ്ദേഹം പറഞ്ഞു.
‘നിലവിലുള്ള നിയമങ്ങളുടെ ശ്രദ്ധ ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു, പ്രധാനമായും ശിക്ഷിക്കുക എന്നതായിരുന്നു ബില്ലുകളിലെ ആശയം, നീതി നല്‍കാനല്ല. അവ മാറ്റിസ്ഥാപിക്കുന്നതിലൂടെ, മൂന്ന് പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ളതാകും,’ അമിത് ഷാ വ്യക്തമാക്കി.
കമ്മ്യൂണിറ്റി സേവനം
ക്രിമിനല്‍ മാനനഷ്ടം ഉള്‍പ്പെടെയുള്ള ‘നിസ്സാര’ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളിലൊന്നായി കമ്മ്യൂണിറ്റി സേവനം അവതരിപ്പിക്കാന്‍ രാജ്യത്ത് ആദ്യമായി പീനല്‍ കോഡിനെക്കുറിച്ചുള്ള ബില്ലിന്റെ മുന്‍ പതിപ്പ് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും, സിആര്‍പിസിക്ക് പകരമുള്ള പുതിയ ബില്‍ ഇപ്പോള്‍ ‘കമ്മ്യൂണിറ്റി സേവനം’ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നിര്‍വചിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി സേവനം എന്നാല്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ശിക്ഷയുടെ ഒരു രൂപമാണ്. അതായത് ഒരു കുറ്റവാളിയോട് ചെയ്യാന്‍ കോടതി ഉത്തരവിട്ടേക്കാവുന്ന ജോലിയാണെന്ന് പുതിയ ബില്ലില്‍ പറയുന്നു.
തീവ്രവാദം
നേരത്തെ രാജ്യദ്രോഹ നിയമം പൂര്‍ണമായും പിന്‍വലിക്കുമെന്ന് ബില്ലുകള്‍ അവതരിപ്പിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞിരുന്നു. റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട രാജ്യദ്രോഹ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍ക്കായുള്ള സെക്ഷന്‍ 150 ല്‍ നിലനിര്‍ത്തും. നിലവില്‍, രാജ്യദ്രോഹത്തിന് ജീവപര്യന്തം തടവോ മൂന്ന് വര്‍ഷം വരെ നീട്ടിയേക്കാവുന്ന ജയില്‍ ശിക്ഷയോ ആണ് ലഭിക്കുക. ഈ മൂന്ന് വര്‍ഷത്തെ തടവ് 7 വര്‍ഷമാക്കി മാറ്റുന്നതാണ് പുതിയ വ്യവസ്ഥ. പുതിയ ബില്ലില്‍ ‘രാജ്യദ്രോഹം’ എന്ന പദം നീക്കം ചെയ്യുകയും ചില മാറ്റങ്ങളോടെ വകുപ്പ് 150 പ്രകാരം വ്യവസ്ഥ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
കുട്ടികളെ ബലാത്സംഗം ചെയ്താല്‍
ബലാത്സംഗത്തിനുള്ള ശിക്ഷയില്‍ മാറ്റം വരുത്താനും പുതിയ ബില്ലുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാകും. ‘സ്വാഭാവിക ജീവിതത്തിനുള്ള തടവ്’ എന്നാണ് ജീവപര്യന്തം തടവ് എന്ന പദത്തെ നിര്‍വചിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തില്‍ കുറയാത്ത, എന്നാല്‍ ജീവപര്യന്തം വരെ നീണ്ടേക്കാവുന്ന കഠിനമായ തടവുശിക്ഷയോടെ ശിക്ഷിക്കപ്പെടും. അതായത് ആ വ്യക്തിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന തടവ്, കൂടാതെ പിഴയ്ക്കും വിധേയമാകുമെന്നാണ് പുതിയ നിയമത്തിലുള്ളത്.
Post Your Comments