Latest NewsKerala

തേക്കിന്‍കാട് മൈതാനത്തിന്റെ വാടക രണ്ടേകാല്‍ കോടി, കുത്തനെ കൂട്ടിയതോടെ തൃശ്ശൂര്‍പൂരം പ്രതിസന്ധിയിലേക്ക്

തൃശ്ശൂർ : ഗിന്നസ് ബുക്കിൽ വരെ കയറി ലോകശ്രദ്ധയാകർഷിച്ച തൃശ്ശൂർപൂരം സാമ്പത്തിക പ്രതിസന്ധിയിലേക്ക്. പൂരത്തിന്റെ സാമ്പത്തികസ്രോതസ്സായ എക്സിബിഷനുള്ള തറവാടക കൊച്ചിൻ ദേവസ്വംബോർഡ് കുത്തനെ കൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. എക്സിബിഷന് തേക്കിൻകാട് മൈതാനിയിൽ സ്ഥലം അനുവദിക്കുന്നതിന് രണ്ടേകാൽ കോടിയോളം രൂപയാണ് കൊച്ചിൻ ദേവസ്വംബോർഡ് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം 42 ലക്ഷം രൂപയാണ് നൽകിയത്. അഞ്ചോ ആറോ കോടിയാണ് പൂരം പ്രദർശനത്തിൽനിന്ന്‌ പരമാവധി ലഭിക്കുന്ന വരുമാനമെന്ന് പൂരം സംഘാടകർ പറയുന്നു. ഇത് ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ പൂരം തൊട്ട് നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. അടുത്ത പൂരത്തിനുള്ള എക്സിബിഷൻ കമ്മറ്റി രൂപവത്കരണം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പൂരംനടത്തിപ്പിനെക്കുറിച്ചുള്ള ആശങ്ക ഉയരുന്നത്.

വർഷാവർഷം തുകയിൽ 10 ശതമാനത്തിന്റെ വർധനയും ആവശ്യപ്പെടുന്നുണ്ട്. വർഷങ്ങൾ കഴിയുമ്പോൾ പ്രദർശനത്തിൽനിന്ന്‌ കിട്ടുന്നത് വാടക നൽകാൻ മാത്രമേ സാധിക്കൂവെന്ന സ്ഥിതിവരുമെന്നും സംഘാടകർ ഭയക്കുന്നു. സ്റ്റാളുകളുടെ വാടക പരമാവധിയിൽ എത്തിനിൽക്കുകയാണ്. ഇനി വർധിപ്പിക്കാൻ സാധ്യമല്ല. സ്റ്റാളുകളിൽ വരുമാനം കൊണ്ടുവരുന്നവ കുറവാണ്. മൂന്നിലൊന്ന് വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളാണ്. പൂരത്തിന് പിരിവുകളൊന്നും ഉണ്ടാകാറില്ല.

പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് കാലങ്ങളായി തുടർന്നുപോരുന്ന സംവിധാനം വാടകപ്രശ്നത്തിൽ തകരുന്ന സ്ഥിതിയാണുള്ളത്. പൂരത്തിന് സർക്കാർ സഹായം നൽകുമെന്ന പ്രഖ്യാപനം കഴിഞ്ഞതവണയുണ്ടായെങ്കിലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് സംഘാടകർ പറയുന്നു. ഇത്തവണ ഏപ്രിൽ 19-നാണ് പൂരം. പൂരത്തിനു മുൻപും അതിനു ശേഷവുമായി രണ്ടു മാസത്തോളമാണ് പൂരം പ്രദർശനം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button