തൃശ്ശൂർ: പൂര ലഹരിയിൽ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം. ചെറുപൂരങ്ങളുടെ വരവ് തുടങ്ങിയതോടെ തൃശ്ശൂർ നഗരം ആവേശത്തിന്റെ കൊടുമുടിയിലാണ്. തേക്കിൻകാട് മൈതാനത്തും രാജവീഥിയിലും ഇന്ന് ആനകൾക്കും മേളങ്ങൾക്കുംമൊപ്പം പുരുഷാരം നിറയും.
തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യവും, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ അക്ഷരാർത്ഥത്തിൽ ആവേശഭരിതമാക്കും. വൈകിട്ടാണ് വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുക.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾ ഗജവീരൻമാരെ അണി നിരത്തി പരസ്‌പരം മത്സരിക്കുന്ന കാഴ്‌ചയാണ് പൂര ദിനത്തിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്. മണിക്കൂറുകളോളം നീണ്ട് നിൽക്കുന്ന കുടമാറ്റം തന്നെയാണ് ഏറെ കാത്തിരിക്കുന്ന കാഴ്‌ച. ഇതിന് ശേഷം പുലർച്ചെയോടെയാണ് വെടിക്കെട്ട് നടക്കുക.
തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 വെള്ളിയാഴ്ച തൃശൂർ താലൂക്കുപരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ജില്ലാ കളക്ടറാണ് അവധി സംബന്ധിച്ച നിർദേശം നൽകിയത്. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും, കേന്ദ്ര – സംസ്ഥാന, അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും പ്രാദേശിക അവധി ബാധകമല്ല.
Post Your Comments