KeralaLatest News

തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് നടന്നത് മണിക്കൂറുകൾ വൈകി: വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാനാകാതെ പൂരം പ്രേമികൾ

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ഭാ​ഗമായ വെടിക്കെട്ട് മണിക്കൂറുകൾ വൈകി ഇന്ന് രാവിലെ പകൽവെളിച്ചത്തിൽ നടന്നു. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടാണ് നടന്നത്. തിരുവമ്പാടി വിഭാ​ഗവും വെടിക്കെട്ട് നടത്താമെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്നു രാവിലെ എട്ടരക്കകം തിരുവമ്പാടി വിഭാ​ഗത്തിന്റെ വെടിക്കെട്ടും പൂർത്തിയാകും. പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം ഇന്നലെ രാത്രിയിൽ പൂരം നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രി കെ രാജൻ നടത്തിയ ഇടപെടലുകൾക്ക് പിന്നാലെയാണ് ദേവസ്വങ്ങൾ പൂരം പൂർത്തിയാക്കാമെന്ന നിലപാടിലേക്ക് എത്തിയത്.

സാധാരണനിലയില്ഡ പുലർച്ചെ മൂന്നുമണിക്കാണ് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് നടക്കേണ്ടത്. എന്നാൽ, ഇക്കുറി നേരം പുലർന്നതിന് ശേഷമാണ് വെടിക്കെട്ട് നടന്നത്. ഇരുട്ടിൽ നടക്കുന്ന വെടിക്കെട്ടിന്റെ വർണശോഭ ഇക്കുറി പൂരപ്രേമികൾക്ക് ആസ്വദിക്കാനായില്ല. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈർഘ്യം കുറച്ച് പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തുകയാണെങ്കിൽ പൂരപ്രേമികൾക്കത് നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കിൽ ഉപചാരം ചൊല്ലി പിരിയൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ വൈകുന്നതിന് കാരണമാകും.

രാത്രിപ്പൂരത്തിനിടയിലെ പൊലീസ് നിയന്ത്രണങ്ങളെ തുടർന്നാണ് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചത്. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.

പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇന്നലെയും കമ്മിഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവിലടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൂരപ്രേമികളെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. രാത്രിയിൽ എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞതാണു വീണ്ടും പ്രശ്നമായത്. പൂരം വെടിക്കെട്ടിനു വേണ്ടി ഒരുക്കിയ ബാരിക്കേഡാണിത്. തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.

തുടർന്ന് തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചർച്ചകൾ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാൽ എപ്പോൾ നടത്താൻ കഴിയുമെന്ന് പറയാനാവില്ലെന്നും പുലർച്ചെ അഞ്ച് മണിയോടെ വാർത്താ സമ്മേളനത്തിൽ തിരുവമ്പാടി വിഭാഗം അറിയിച്ചു. ചിലപ്പോൾ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാകും നടത്താൻ സാധിക്കുക.

ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി സമയം തീരുമാനിക്കുമെന്നും തിരുവമ്പാടി വിഭാഗം അറിയിച്ചു. ഇതിനിടെ പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മന്ത്രി കെ. രാജൻ വീണ്ടും നടത്തിയ ചർച്ചയിൽ പാറമേക്കാവിന്റെ വെടിക്കെട്ടിനു ശേഷം വെടിക്കെട്ട് നടത്താൻ തയാറാണെന്ന് തിരുവമ്പാടി വിഭാഗം അറിയിച്ചു. തീരുമാനം വന്നതിനു പിന്നാലെ അണച്ച പന്തൽ ലൈറ്റ് തെളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button