പത്തനംതിട്ട: ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ ദർശന സമയം നീട്ടാൻ തീരുമാനം. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് തന്ത്രി അനുമതി നൽകിയത്. ഇതുപ്രകാരം ഉച്ചയ്ക്ക് മൂന്നുമണിക്ക് നട തുറക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിനുള്ള ക്യൂ 18 മണിക്കൂറിലേറെ നീണ്ടിരുന്നു.
വെള്ളിയാഴ്ച പമ്പയിലെത്തിയവർക്ക് ശനിയാഴ്ചയാണ് ദർശനം നടത്താനായത്. തിരക്കേറിയതോടെ വെള്ളിയാഴ്ച വൈകിട്ടു മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പമ്പയിൽ മൂന്നുമുതൽ നാല് മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ മലകയറിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. ഞായറാഴ്ച 70,000 പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.
തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 17 മണിക്കൂര്‍ ദര്‍ശനസമയം എന്നത് രണ്ടു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. എന്നാല്‍, ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി വ്യക്തമാക്കിയതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യൽ കമ്മീഷണർ സന്നിധാനത്ത് തുടർന്ന്, തിരക്ക് നിയന്ത്രണം സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിരുന്നു.
Post Your Comments