
കോട്ടയം: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് വിടനൽകാനൊരുങ്ങി രാഷ്ട്രീയകേരളം. ഞായറാഴ്ച രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാവിലെ കാനത്തെ വീട്ടിലെത്തും.
മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തിച്ചു. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ചു.
കാനത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സാഹചര്യത്തില്‍ രണ്ടുദിവസത്തേക്ക് വിളിച്ചുചേര്‍ത്ത സിപിഎം പിബി യോഗം ശനിയാഴ്ചത്തോടെ അവസാനിപ്പിച്ചു. തിങ്കളാഴ്ച മൂന്നിന് കോട്ടയം മാമ്മന്‍ മാപ്പിള സ്മാരകഹാളില്‍ അനുശോചനയോഗം ചേരുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വിബി ബിനു അറിയിച്ചു.
Post Your Comments