
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരിച്ച് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. പാകിസ്താന്‍ സൈന്യത്തിന്റെ അറിവും സഹായവുമില്ലാതെ ഇതുപോലൊരു ആക്രമണം ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഭീകര സംഘടനകളെ മാത്രമല്ല പാകിസ്താന്‍ സൈന്യത്തിന്റെ ഇനിയുള്ള നീക്കങ്ങള്‍ കൂടി ഇന്ത്യ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തെ രാഷ്ട്രം ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഏവരും സൈന്യത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം ഇത് നേരിടാനുള്ള കരുത്തുള്ളവരാണ്. അവര്‍ക്ക് അതിനാവശ്യമായ എല്ലാ സജ്ജീകരണവും നല്‍കണം – അദ്ദേഹം വ്യക്തമാക്കി.
അടുത്തകാലത്തായി ടൂറിസ്റ്റുകള്‍ക്കെതിരെയുള്ള ആക്രമണം വളരെ കുറവായിരുന്നു. വളരെ സംഘടിതമായി ടൂറിസ്റ്റുകള്‍ക്കെതിരെ ഇത്തരമൊരു ആക്രമണം നടത്തിയതിന്റെ ഉദ്ദേശം കശ്മീരിന്റെ സമ്പദ്ഘടന തകര്‍ക്കുക എന്നുള്ളതാണ്. ടൂറിസമാണ് കശ്മീരിന്റെ വരുമാനം. അവിടെ സമാധാന അന്തരീക്ഷം ഉണ്ടാകരുത് എന്ന് നിര്‍ബന്ധമുള്ള ഭീകര സംഘടനകളാണ് അക്രമണത്തിന് പിന്നില്‍ – എ കെ ആന്റണി പറഞ്ഞു. സൈന്യത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും ഭീകരതയെ തകര്‍ക്കാനുള്ള സൈന്യത്തിന്റെ എല്ലാ നീക്കങ്ങളെയും പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം. വെടിവെപ്പില്‍ ഇരുപത് പേര്‍ക്ക് പരുക്കേറ്റു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിനോദ സഞ്ചരികള്‍ കുടുങ്ങി കിടക്കുന്നതായി വിവരം. ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി അപലപിച്ചു. ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരില്‍ എത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments