KeralaLatest NewsIndia

അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആർഎസ്എസും തമ്മിൽ ഐക്യം, അതിന് ഇഎംഎസിന്റെ പിന്തുണയെന്നത് ചരിത്ര യാഥാർഥ്യം: കാനം

തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനെതിരെ സി.പി.എം.-ആര്‍.എസ്.എസ്. ഐക്യം സ്ഥാപിച്ചിരുന്നെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ വെളിപ്പെടുത്തൽ. ഇ.എം.എസിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പിന്തുണ അതിനുണ്ടായിരുന്നുവെന്നത് ചരിത്രയാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറയുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘ആര്‍ദ്രമനസ്’ എന്ന ലേഖനസമാഹാരത്തിലാണ് കാനത്തിന്റെ വെളിപ്പെടുത്തല്‍.

സി.പി.എം.-ആര്‍.എസ്.എസ്. ഐക്യത്തെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന പി. സുന്ദരയ്യ ‘വൈ ഐ റിസൈന്‍ഡ് ഫ്രം പാര്‍ട്ടി’ എന്ന തന്റെ ആത്മകഥയില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടുന്നു. 1979-ലെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ വ്യാപക ഐക്യവും ധാരണയും സ്ഥാപിക്കുകയും സി.പി.ഐ.യെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു എന്നും കാനം ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഐക്യമുന്നണി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്കുകാരണം എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമായിരുന്നെന്ന് പറയാതിരിക്കുന്നത് ചരിത്രനിഷേധമാകുമെന്നും കാനം പറയുന്നുണ്ട്. 1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷംനടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിനുപുറത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെങ്കിലും കേരളത്തില്‍ അച്യുതമേനോന്‍ നേതൃത്വം നല്‍കിയ ഐക്യജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടി.

വിന്ധ്യനിപ്പുറം അടിയന്തരാവസ്ഥാവിരുദ്ധ കൊടുങ്കാറ്റ് ആഞ്ഞടിക്കാത്തതിനുകാരണം ആന്റണിയും ഉമ്മന്‍ചാണ്ടിയുമായിരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് എം.എന്‍. ഗോവിന്ദന്‍നായരുടെ പ്രസ്താവന. എന്നാല്‍, കരുണാകരനെതിരേ പടനയിച്ച ഗ്രൂപ്പിന്റെ നേതാക്കളെന്നനിലയിലാണ് ഇരുവരുടെയും പേര് എം.എന്‍. പരാമര്‍ശിച്ചതെന്നാണ് കാനം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button