സാങ്കേതികവിദ്യ അതിവേഗം വളർച്ച പ്രാപിച്ചതോടെ സൈബർ തട്ടിപ്പുകളും അതിനനുസൃതമായി ഉയർന്നിട്ടുണ്ട്. സൈബറിടത്തെ ഏറ്റവും പുതിയതും, അപകടകരവുമായ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പോലീസ്. അക്കൗണ്ടിൽ നിന്ന് പണം തട്ടുന്നതിന് പകരം, ഉപഭോക്താക്കളെ അക്കൗണ്ട് എടുക്കാൻ പ്രേരിപ്പിച്ചാണ് ഇക്കുറി തട്ടിപ്പ് സംഘം എത്തിയിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ പ്രവാസി തട്ടിപ്പിന് ഇരയായതോടെയാണ് തട്ടിപ്പ് സംഘത്തിന്റെ പുതു രീതിയെക്കുറിച്ച് പുറംലോകം അറിയുന്നത്.
‘പുതിയൊരു സേവിംഗ്സ് അക്കൗണ്ടോ, കറന്റ് അക്കൗണ്ടോ ആരംഭിച്ചാൽ ആകർഷകമായ വരുമാനം നേടാം’ എന്ന സന്ദേശമാണ് മിക്ക ആളുകളെയും തേടിയെത്തുന്നത്. ദുബായിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ കൈപ്പമംഗലം സ്വദേശി, പ്രതിസന്ധികൾ കാരണം ജോലി പോയി നാട്ടിലെത്തിയ സമയത്താണ് ഇത്തരമൊരു സന്ദേശം ശ്രദ്ധയിൽപ്പെട്ടത്. കൗതുകത്തിന്റെ പുറത്ത് സന്ദേശത്തോട് പ്രതികരിച്ചതോടെ, നിരവധി കോളുകളാണ് യുവാവിനെ തേടിയെത്തിയത്. കോളിന്റെ മറുഭാഗത്ത് നിന്ന് മലയാളത്തിൽ തന്നെ സംസാരിച്ചാണ് തട്ടിപ്പ് സംഘം വിശ്വാസം നേടിയെടുത്തത്. ഇവരുടെ നിർദ്ദേശാനുസരണം ബാങ്ക് അക്കൗണ്ട് എടുത്ത് വിവരങ്ങൾ സംഘത്തിന് കൈമാറുകയും ചെയ്തു. പിന്നീട് ഈ സംഘത്തിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. എന്നാൽ, മാസങ്ങൾക്ക് ശേഷമാണ് താൻ കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ വിവരം യുവാവ് തിരിച്ചറിയുന്നത്.
Also Read: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് വ്യക്തമായ പങ്ക്, രഹസ്യ അക്കൗണ്ടുകള്‍ കണ്ടെത്തി ഇഡി
ആളുകളുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച്, തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. 45 അക്കൗണ്ടുകൾ വഴി 750 കോടി രൂപയുടെ തട്ടിപ്പാണ് സംഘം നടത്തിയിരിക്കുന്നത്. ചുരുങ്ങിയത് 50 ഓളം പേരെങ്കിലും ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പല ഭാഷകളിൽ സംസാരിക്കുന്നവരാണ് തട്ടിപ്പ് സംഘം. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാൽ മറ്റു തട്ടിപ്പുകളിലൂടെയും നിയമവിരുദ്ധ പണമിടപാടിലൂടെയും ലഭിക്കുന്ന തുക ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. വൻ തുക തട്ടിപ്പ് സംഘം വീതിച്ചെടുക്കുമ്പോഴേക്കും, യഥാർത്ഥ അക്കൗണ്ട് ഉടമ കേസിൽ പ്രതിയാകും. അതിനാൽ, അപരിചിതരുടെ നിർദ്ദേശാനുസരണം യാതൊരു കാരണവശാലും അക്കൗണ്ടുകൾ എടുക്കാനോ, അക്കൗണ്ട് വിവരങ്ങൾ കൈമാറാനോ പാടുള്ളതല്ല.
Post Your Comments