തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടൻ സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനം എന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനത്തോട് നോ പറഞ്ഞ് നിങ്ങളുടെ ആണ്‍മക്കളെ രക്ഷിക്കൂ എന്ന വാക്കുകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.
‘ഷഹാന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം. സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. Dr Shahana ജീവിക്കണം. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS’, സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഷഹ്നയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഡോ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് രാവിലെ അറസ്റ്റിലായ റുവൈസിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റുവൈസിനെ റിമാൻഡ് ചെയ്തത്. ഡിസംബര്‍ 21 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡോ. റുവൈസിന്‍റെ ഫോൺ സൈബർ പരിശോധനയ്‌ക്ക് നൽകാൻ തീരുമാനിച്ചെന്നും പോലീസ് വ്യക്തമാക്കി. റുവൈസിനെ ചോദ്യം ചെയ്ത് വരികയാണ്. തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് അനസ്‌തേഷ്യ മരുന്നു കുത്തിവച്ച് ഷഹ്ന മരിച്ചത്. 150 പവനും ബിഎംഡബ്യു കാറും വസ്തുവും വേണമെന്ന് റുവൈസിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തത്.
Post Your Comments