Latest NewsKerala

കറുത്ത ഷർട്ട് ധരിച്ചെത്തിയ നാട്ടിക എംഎൽഎയുടെ പിഎയെ നവകേരള സദസ്സിലേക്ക് കടത്തിവിട്ടില്ല: രൂക്ഷ വിമർശനം

തൃശൂർ: നവകേരള സദസിനെത്തിയ നാട്ടിക എംഎൽഎ സി സി മുകുന്ദന്റെ പി എ അസ്ഹർ മജീദിനെ പൊലീസ് തടഞ്ഞത് വിവാദമാകുന്നു. കറുത്ത ഷർട്ട് ധരിച്ചെത്തിയ പി എ അസ്ഹർ മജീദിനെ വേദിക്ക് പുറത്തുവച്ച് പൊലീസ് തടയുകയും പുറത്തുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരനെതിരെ രൂക്ഷ വിമർശനമാണ് സി സി മുകുന്ദൻ എംഎൽഎ ഉയർത്തിയത്. എന്നാൽ, വൈകുന്നേരത്തോടെ എംഎൽഎ നിലപാട് മാറ്റി വിശദീകരണവുമായി രം​ഗത്തെത്തികയായിരുന്നു.

നവകേരള സദസ്സിലേക്കെത്തിയ അസ്ഹറുമായി പൊലീസ് ഏറെ നേരം തർക്കമുണ്ടായിരുന്നു. തുടർന്ന് എംഎൽഎ ഇടപെട്ടാണ് അസ്ഹറിനെ പ്രവേശിപ്പിച്ചത്. പൊലീസ് ഈ പരിപാടി പൊളിക്കാൻ ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച് ഡിവൈ.എസ്.പിക്കാണ് അതിനു താൽപര്യമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും എംഎൽഎ വേദിയിൽ പറയുകയും ചെയ്തു.

നവകേരള സദസ് നടക്കുന്ന നാട്ടികയിലെ വേദിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രമവിരുദ്ധമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരുന്നതെന്ന് എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സി സി മുകുന്ദൻ എംഎൽഎയും സംഘാടക സമിതിയും തീരുമാനിച്ച കാര്യങ്ങളിൽ എംഎൽഎയോട് ചോദിക്കാതെ കാര്യങ്ങൾ ചെയ്യുകയും സംഘാടക സമിതി അംഗങ്ങളോട് മോശമായി പെരുമാറുകയും ചെയ്തെന്നും എംഎൽഎ ആരോപിച്ചു.

എന്നാൽ, ഇതിന് പിന്നാലെ വൈകുന്നേരത്തോടെ സംഭവത്തിൽ മലക്കം മറിഞ്ഞ് എംഎൽഎയുടെ ഓഫീസ് രംഗത്തെത്തി. അസ്ഹർ മജീദിനെ പൊലീസ് തടഞ്ഞത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു വിശദീകരണം. തടഞ്ഞത് കറുത്ത വസ്ത്രം ധരിച്ചതിനല്ലെന്നും സുരക്ഷയുടെ ഭാഗമായി വേദിക്കരികിലേക്ക് പൊതുജനങ്ങളേയോ ഉന്നതോദ്യോഗസ്ഥരല്ലാത്തവരേയോ പ്രവേശിപ്പിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് അസ്ഹറിനെ തടഞ്ഞതെന്നും എംഎൽഎയുടെ ഓഫീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button