പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്നവർ താമസിക്കാനായി ഓൺലൈൻ വഴി മുറി ബുക്ക് ചെയ്യുന്നത് വഴി ദേവസ്വം ബോർഡിന് ലഭിക്കുന്നത് ലക്ഷങ്ങൾ. മുറിയെടുക്കാന്‍ ഓൺലൈനായി അടച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് അയ്യപ്പഭക്തർക്ക് തിരിച്ചുനൽകാതെ ഇരിക്കുന്നതിലൂടെയാണ് ഈ തുക മുഴുവൻ ദേവസ്വം ബോർഡിലേക്ക് പോകുന്നത്. വർഷങ്ങളായി മുറി ബുക്ക് ചെയ്ത് പോകുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് കൊടുത്ത പണം തിരിച്ചുകിട്ടാതെ പരാതിയുമായി നടക്കുന്നത്. റിപ്പോർട്ടർ ചാനൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉടൻ പണം തിരിച്ചുകൊടുക്കാനുള്ള സംവിധാനമുണ്ടാകുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ലക്ഷങ്ങളാണ് ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊടുക്കാനുള്ളത്. സാധാരണ താമസം കഴിഞ്ഞ് മടങ്ങുമ്പോൾ തിരിച്ചുകൊടുക്കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റാണ് ഭക്തർക്ക് തിരിച്ചുകൊടുക്കാതെ പിടിച്ചുവെക്കുന്നത്. ലക്ഷ കണക്കിന് രൂപ ഇങ്ങനെ കെട്ടികിടക്കുന്നുണ്ട്. ഇത് ദേവസ്വം ബോർഡ് കൈക്കലാക്കുകയാണ്.
പയ്യന്നൂരിൽ നിന്ന് എല്ലാവർഷവും ശബരിമല ദർശനം നടത്താനെത്തുന്ന സംഘം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു കിട്ടാത്തതില്‍ പരാതി നല്‍കിയിട്ടുണ്ട്. 2016 ൽ ഓൺലൈൻ ബുക്കിങ് തുടങ്ങിയ ശേഷം നേരത്തെ സന്നിധാനത്ത് മുറി ബുക്ക് ചെയ്താണ് പോകുന്നത്. മുറിയുടെ വാടക എത്രയാണോ അത്ര തന്നെ അഡ്വാൻസായും കൊടുക്കണം. സഹ്യാദ്രിയിൽ ഇക്കൊല്ലവും 650 രൂപയ്ക്ക് ഓൺലൈൻ ബുക്കിങ് നടത്തി. 650 മുറി വാടക. 650 രൂപ തന്നെയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റും. ശബരിമല ദർശനം കഴിഞ്ഞിറങ്ങി ദിവസം 10 കഴിഞ്ഞു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇതുവരെ കിട്ടിയില്ല. മുൻ വർഷങ്ങളിലെല്ലാം കിട്ടാത്തത് കൊണ്ട് എക്സിക്യൂട്ടീവ് ഓഫീസർക്ക് സംഘം പരാതി നല്‍കി.
Leave a Comment