KollamKeralaNattuvarthaLatest NewsNews

പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിൽ: ഓട്ടോയിൽ സഞ്ചരിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും ലഭിച്ചു

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ ബ്ലാക്ക് മെയിൽ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും ലഭിച്ചു. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കേസുമായി ബന്ധമില്ലെങ്കിൽ ഓട്ടോ വിട്ടയക്കും.

അതേസമയം, ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. രണ്ടു തട്ടിപ്പുസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയിലേക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നിലവില്‍ കേന്ദ്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യുണറ്റെഡ് നഴ്‌സിങ്ങ് അസോസിയേഷന്റെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തെപ്പറ്റി വ്യക്തമായ അറിവ് ലഭിച്ചതോടെയാണ് ജാസ്മിന്‍ ഷാ ഇന്നലെ പൊലീസിനെതിരെ രംഗത്ത് വന്നത്.

സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും കുട്ടിയെ തട്ടികൊണ്ട് പോയത് നഴ്‌സിങ് പരീക്ഷാതട്ടിപ്പ് സംഘമാണെന്നുമാണ് പൊലീസ് നിഗമനം. വിദേശ നഴ്‌സിങ് ജോലിക്കായുള്ള പരീക്ഷാനടത്തിപ്പിലെ സാമ്പത്തിക ഇടപാടിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. സ്ഥിരീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും അന്വേഷണം ഇവരെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഒ.ഇ.ടി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയത് സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നുള്ള കൃത്യമായ സൂചന പൊലീസിന് ലഭിച്ചു കഴിഞ്ഞു.

Read Also : നിയന്ത്രണം നഷ്ടപ്പെട്ടു: ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് പരിക്ക്

ലോകമെമ്പാടും നടക്കുന്ന പരീക്ഷയാണ് ഒ.ഇ.ടി. പല രാജ്യത്തും പല സമയത്താണ് ഇത് നടക്കുന്നത്. ഗൾഫിൽ പരീക്ഷ കഴിഞ്ഞ് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേരളത്തിൽ ഈ പരീക്ഷ നടക്കുന്നത്. ഗള്‍ഫിലെ പരീക്ഷയുടെ ചോദ്യപേപ്പര്‍ സംഘടിപ്പിച്ച് കേരളത്തില്‍ പരീക്ഷയെഴുതുന്നവര്‍ക്കു കൈമാറുന്ന സംഘങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഉത്തരസൂചികയ്ക്കുവേണ്ടി മൂന്നും നാലും ലക്ഷം രൂപയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈ തട്ടിപ്പുസംഘം ഈടാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിനായി കുട്ടിയുടെ അച്ഛൻ റെജിയെ പൊലീസ് ചോദ്യം ചെയ്യും. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്ന് റെജി മാധ്യമങ്ങളോട് പറഞ്ഞു. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, പത്തനംതിട്ടയിൽ റെജി താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തുകയും ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോൺ ആണെന്നും കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്ന് മാറ്റിവച്ചതെന്നും റെജി വ്യക്തമാക്കി.

‘അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിൽ ഉള്ളത്. തട്ടിക്കൊണ്ടുപോകൽ കേസിൽ എന്നെയും ഞാൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണ്. ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കട്ടെ,’ റെജി പറഞ്ഞു.

കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തട്ടിക്കൊണ്ടുപോകലിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് പൊലീസിന് സൂചന കിട്ടി. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് കെയര്‍ ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തി നില്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button