കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍, ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മല്‍, രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ പോലീസ് കസ്റ്റഡിയില്‍വിടാന്‍ ഉത്തരവ്. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഞായറാഴ്ച വരെ കസ്റ്റഡിയില്‍ തുടരുന്ന പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
Read Also: തിരുപ്പതി ലഡു; വിവാദത്തിന് പിന്നാലെ നന്ദിനി നെയ്യ് ബ്രാന്‍ഡിന് വിലക്ക്
ഞായറാഴ്ച വൈകിട്ട് 5 മണിവരെയാണ് ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡില്‍ നല്‍കിയത്. പ്രോസിക്യൂഷന്‍ 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പ്രതികള്‍ മദ്യവും ലഹരിമരുന്നും ഉപയോഗിച്ചെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തണം. അപകട സ്ഥലം, ഇരുവരും ഒരുമിച്ച് താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ തുടങ്ങി പലയിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കണമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
അതേസമയം, പോലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ പ്രതികള്‍ക്കെതിരേ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ചോദ്യം ചെയ്തസമയം പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എം.ഡി.എം.എയാണ് ഉപയോഗിച്ചതെന്നുമായിരുന്നു പോലീസ് വാദം. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
എം.ഡി.എം.എയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ആനൂര്‍ക്കാവ് പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോള്‍ (47) ആണ് മരിച്ചത്. കുഞ്ഞുമോളെ കാറിടിച്ചിട്ടിട്ടും ശരീരത്തിലൂടെ കാര്‍ കയറ്റി മുന്നോട്ടെടുക്കാന്‍ അജ്മലിന് നിര്‍ദേശം നല്‍കിയത് ശ്രീക്കുട്ടിയായിരുന്നു. അജ്മലും ശ്രീക്കുട്ടിയും മദ്യലഹരിയിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അജ്മലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
അതേസമയം വീട്ടമ്മയെ ഇടിച്ച കാറിന് അപകട ദിവസം ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും അപകട ശേഷം ഇന്‍ഷുറന്‍സ് പുതുക്കുകയായിരുന്നൂവെന്നും കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി അജ്മലിന്റെ സുഹൃത്തിന്റെ അമ്മയുടെ പേരിലുള്ളതാണ് കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുപ്പതിന് അവസാനിച്ചതായിരുന്നു ഇന്‍ഷുറന്‍സ്. കഴിഞ്ഞ ഞായര്‍ വൈകിട്ട് അപകടം ഉണ്ടായതിന് പിന്നാലെ ഓണ്‍ലൈന്‍ വഴി പതിനാറാം തീയതിയാണ് കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്.
Post Your Comments