കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അച്ഛൻ റെജിയെ നാളെ പൊലീസ് ചോദ്യം ചെയ്യും. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്ന് റെജി മാധ്യമങ്ങളോട് പറഞ്ഞു. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, പത്തനംതിട്ടയിൽ റെജി താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തുകയും ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോൺ ആണെന്നും കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്ന് മാറ്റിവച്ചതെന്നും റെജി വ്യക്തമാക്കി.
‘അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിൽ ഉള്ളത്. തട്ടിക്കൊണ്ടുപോകൽ കേസിൽ എന്നെയും ഞാൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണ്. ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കട്ടെ,’ റെജി പറഞ്ഞു.
തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് ലഭ്യമായ വിവരം. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിലെ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.
Post Your Comments