വയനാട്: 2024ൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ രാജസ്ഥാൻ മോഡൽ ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ ആരോഗ്യ പരിപാലത്തിൽ പുനർ മൂല്യനിർമയത്തിന്‍റെ ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന തരത്തിൽ ആരോഗ്യ പരിരക്ഷ നൽകുന്നതിന് മുൻഗണന നൽകണമെന്നും രാഹുൽ പറഞ്ഞു.
‘കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്ക് താങ്ങാനാവുന്ന തരത്തിൽ ആരോഗ്യ പരിരക്ഷ നൽകുന്നതിനനെ കുറിച്ച് ചിന്തിക്കണം. രാജസ്ഥാനിൽ ഇത് സംബന്ധിച്ച ചില പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 2024 ൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും,’ സുൽത്താൻ ബത്തേരിയിൽ ഒരു സ്വകാര്യ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.
രാജസ്ഥാനിലെ ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാർക്കും സൗജന്യമായി മെഡിക്കൽ കവറേജ് വാഗ്ദാനം ചെയ്യുന്ന സർക്കാർ സംരംഭമാണിത്. ‘ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ രാജ്യത്തെ ഏറ്റവും മികച്ച സൗജന്യ ചികിത്സാ പദ്ധതിയാണെന്നും കോൺഗ്രസ് പറയുന്നു.
Post Your Comments