കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല. പ്രതികൾ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്ന ആക്ഷേപം നിലനിൽക്കെ, പ്രതികൾ കേരളം വിടാൻ സാധ്യതയില്ലെന്ന് മന്ത്രി പി രാജീവ്. പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തുന്നത്. സംഭവം നടന്ന് നാലാംദിവസവും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. അന്വേഷണ സംഘം വിപുലീകരിച്ചിട്ടും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ ഉപയോഗിച്ച വാഹനം പോയ കൂടുതൽ ഇടങ്ങളിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ കേരള പൊലീസ് പുറത്തുവിട്ടിരുന്നു. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കാൻ നിർദേശം.
പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ സംഘത്തിന്റേതെന്ന് സംശയം. ഏഴ് മിനിറ്റ് പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു. അതേസമയം, അബിഗേൽ സാറ റെജിയെന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Post Your Comments