എഐ ചാറ്റ്ബോട്ട് രംഗത്ത് മത്സരം കടുപ്പിക്കാൻ ഇലോൺ മസ്കും എത്തുന്നു. എക്സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് അടുത്തയാഴ്ച മുതൽ പ്രീമിയം പ്ലസ് വരിക്കാർക്കായി കമ്പനി അവതരിപ്പിക്കുന്നതാണ്. ആഴ്ചകൾക്ക് മുൻപ് തന്നെ ഗ്രോക്കിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള രൂപം പങ്കുവെച്ചിരുന്നു. എന്നാൽ, ആകർഷകമായ അധിക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് പ്രീമിയം പ്ലസ് വരിക്കാർക്കായി ഗ്രോക്ക് ലഭ്യമാക്കുന്നത്.
നിമിഷങ്ങൾ കൊണ്ട് വാർത്തകളും വിവരങ്ങളും ഗ്രോക്കിന് നൽകാൻ കഴിയുമെന്നാണ് മസ്കിന്റെ വാഗ്ദാനം. കൂടാതെ, തമാശയും, ആക്ഷേപഹാസ്യവും കലർന്ന പ്രതികരണങ്ങൾ നടത്താനും ഗ്രോക്കിന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. എക്സിലും, വെബിലും ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിച്ച ഗ്രോക്കിന് ചിത്രവും ശബ്ദവും പ്രത്യേകം തിരിച്ചറിയാൻ കഴിയുന്നതാണ്.
ഗൂഗിൾ, ഓപ്പൺ എഐ, ഡീപ് മൈന്റ് പോലുള്ള സ്ഥാപനങ്ങളിൽ നിന്നെത്തിയ എൻജിനീയർമാരാണ് ഗ്രോക്ക് നിർമ്മിച്ചത്.
പുതിയ ഫീച്ചർ എത്തുന്നതോടെ പ്രീമിയം വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് മസ്കിന്റെ വിലയിരുത്തൽ. നിലവിൽ, എക്സ് ഉപഭോക്താക്കൾക്ക് മൂന്ന് തരം പ്രീമിയം സബ്സ്ക്രിപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. പരസ്യങ്ങൾ ഒന്നും പ്രദർശിപ്പിക്കാത്ത എക്സ് പ്രീമിയം പ്ലസ് വരിക്കാർക്കാണ് ഗ്രോക്കിന്റെ മുഴുവൻ ഫീച്ചറുകളും ആസ്വദിക്കാനാകുക.
Post Your Comments