കണ്ണൂര്‍: എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ പുതിയതെരു സ്വദേശി യാസിർ, പെൺസുഹൃത്ത് അപർണ, യാസിറിന്‍റെ സഹോദരൻ റിസ്‍വാൻ, സുഹൃത്ത് ദിൽഷിദ് എന്നിവരാണ് പിടിയിലായത്. കണ്ണൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തായിരുന്നു യാസിറും ഇരുപത്തിമൂന്നുകാരിയായ അപർണ്ണയും ലഹരി വില്പന നടത്തിയത്. ഇവരെ പോലീസ് പിടികൂടിയതിന് പിന്നാലെ കൂടുതൽ അറസ്റ്റ് ഉണ്ടാവുകയായിരുന്നു.
ഇവരെ ചോദ്യം ചെയ്തതോടെയാണ് റിസ്‍വാനും ദിൽഷിദും ലഹരി വിൽപ്പനയിലെ കണ്ണികളാണെന്ന വിവരം കൂടി പൊലീസിന് ലഭിച്ചത്. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് യാസിറിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഹോട്ടലില്‍ കൂടുതല്‍ അളവില്‍ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുള്ളതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ റെയ്‌ഡിൽ 112 ഗ്രാം എം.ഡി.എം.എ, 111 ഗ്രാം ഹാഷിഷ് ഓയില്‍,മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു കൈമാറാനുള്ള കുപ്പികള്‍, കവറുകള്‍ എന്നിവ പിടികൂടി.
തുടർന്ന് യാസിറിന്റെ സഹോദൻ പി.എ.റിസ്‌വാന്‍ (22), കൂട്ടാളിയായ കണ്ണൂര്‍സിറ്റി തയ്യില്‍, മൈതാനപ്പള്ളിയിലെ ടി.പി.ദില്‍ഷാദ് (33) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്‌തു . ഗായികയും മേക്കപ്പ് ആർട്ടിസ്റ്റുമാണ് അറസ്റ്റിലായ അപർണ.കല്യാണ വീടുകളിൽ മേക്കപ്പ് ആർട്ടിസ്റ്റായും ഗായികയായും അപർണ എത്താറുണ്ട്.
കല്യാണ വീടുകളിലും മറ്റും ഭക്ഷണം പാര്‍സലായി എത്തിക്കുന്നയാളാണ് യാസിര്‍. ഒരു കല്യാണ വീട്ടിൽ വെച്ചാണ് അപർണയെ യാസിർ പരിചയപ്പെടുന്നത്. സമ്പന്ന കുടുംബാംഗമാണ് അപര്‍ണ്ണയെന്നു മനസ്സിലാക്കിയ യാസിര്‍ യുവതിയോടടുക്കുകയും, തന്ത്രപൂർവം വലയിലാക്കുകയും ചെയ്തു. തുടർന്ന് യുവതിയെ മയക്ക് മരുന്ന് ശൃംഖലയിലേക്കടുപ്പിക്കുകയായിരുന്നു.
ബംഗളൂരുവിൽ നിന്നായിരുന്നു സംഘം ലഹരി മരുന്നുകൾ എത്തിച്ചിരുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇവരിൽനിന്ന് ലഹരി മരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. യാസിറിന്‍റെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവരിലേക്ക് അന്വേഷണം എത്തുമെന്നും കണ്ണൂർ ടൗൺ പൊലീസ് പറഞ്ഞു. ഇന്ന് അറസ്റ്റിലായ ദിൽഷിദ് കഞ്ചാവ് വിൽപ്പനയ്ക്ക് നേരത്തെയും പിടിയിലായിട്ടുണ്ട് .
Post Your Comments