തിരുവനന്തപുരം: ഒരിക്കൽ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) കയറ്റുമതി രംഗത്ത് ഏറെ സാധ്യതകളുള്ളതും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുന്നതുമാണെന്ന് വിലയിരുത്തൽ. രാജ്യത്തിന്റ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാകുന്ന ഒന്നാണ് കടൽച്ചൊറി. എന്നാൽ, സുസ്ഥിരപരിപാലനം, ഗുണനിലവാര നയന്ത്രണം ആഭ്യന്തരവിപണിയിലെ സ്വീകാര്യത എന്നിവ അനിവാര്യമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നിർദേശിച്ചു.
ആഗോളവിപണിയിൽ ഈയിടെയായി ജെല്ലിഫിഷ് വിഭവങ്ങൾക്ക് ആവശ്യകത കൂടിവരികയാണ്. ഇത് മത്സ്യത്തൊഴിലാളികൾക്ക് അധികവരുമാനത്തിനുള്ള അവസരമാണ് തുറന്നിടുന്നത്. ഇവയുടെ സമുദ്രആവാസവ്യസ്ഥയിലുള്ള പ്രാധാന്യവും മറ്റ് പ്രത്യേകതകളും കണക്കിലെടുത്ത് മികച്ച പരിപാലനരീതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടക്കുന്ന രാജ്യാന്തര സിംപോസിയത്തിൽ നടന്ന ജെല്ലിഫിഷ് വ്യാപാരവും ഉപജീവനമാർഗവും എന്ന വിഷയത്തിൽ നടന്ന പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നിരത്തുകൾ കീഴടക്കി ‘ഊബർ ഷട്ടിൽ’, സേവനം ഇനി ഈ നഗരത്തിലും ലഭ്യം
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങളും തീരക്കടൽ വിഭവങ്ങളുടെ മത്സ്യബന്ധനതോത് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ, കടൽച്ചൊറി ബന്ധനവും വ്യാപാരവും ഏറെ സാധ്യതകളാണ് മുന്നോട്ട് വെക്കുന്നത്. 2021ൽ 11,756 ടൺ ജെല്ലിഫിഷാണ് ഇന്ത്യൻ തീരത്ത് നിന്നും പിടിച്ചത്. എന്നാൽ, ഇന്ത്യയിൽ ഇവയെ ഭക്ഷണമായി കഴിക്കുന്ന പതിവില്ല. ഇത് പരിഹരിക്കുന്നതിന് ഇവയിലടങ്ങിയ പോഷകമൂല്യങ്ങളെ കുറിച്ച് ബോധവൽകരണവും ഇവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ വേണമെന്നും സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.
സിഎംഎഫ്ആർഐയുമായി ചേർന്ന് കേരള സർവകലാശാലയാണ് സിംപോസിയം സംഘടിപ്പിക്കുന്നത്. 2022-23ൽ 13.12 കോടി രൂപയുടെ ജെല്ലിഫിഷാണ് ഇന്ത്യയിൽ നിന്ന് കയറ്റുമിതി നടത്തിയതെന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ബന്ദു ജെ പറഞ്ഞു. കയറ്റുതി ഏറിയ പങ്കും പോകുന്നത് ചൈനയിലേക്കാണ്. ആഗോളതലത്തിൽ കടൽച്ചൊറി ഉൽപാദനത്തിന്റെ 60 ശതമാനവും ചൈനയിലാണ്.
ഇവ പിടിക്കുന്നതിലും ഇവയുടെ സംസ്കരണത്തിലും ഗുണനിലവാരത്തോടെ വിപണനം നടത്തുന്നതിലം വേണ്ടത്ര അറിവില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിൽ മാറ്റംവരണം. ആഭ്യന്തരവിപണി സൃഷ്ടിക്കുകയും ഗുണനിലവാരമുളള പുതിയ മൂല്യവർധിത ഉൽപാദനം നടത്തുകയും മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽകരണം നടത്തുകയും ചെയ്താൽ കടൽച്ചൊറി വ്യാപാര രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് സിഎംഎഫ്ആർഐയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ മിറിയം പോൾ ശ്രീറാം പറഞ്ഞു.
കേരളസർവകലാശാലയിലെ ഡോ എ ബിജുകാർ, ശ്രീലങ്കയിലെ വായമ്പ സർവകലാശാലയിലെ ക്രിഷൻ കരുണരത്നെ, സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ ശരവണൻ രാജു എന്നിവരും പ്രബന്ധനങ്ങൾ അവതരിപ്പിച്ചു.
Post Your Comments