തൃശൂര്‍: തൃശൂരിലെ വിവേകോദയം സ്‌കൂളില്‍ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിർത്ത പൂർവ്വ വിദ്യാർത്ഥി മുളയം സ്വദേശി ജഗനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേട്ടുകേൾവിയില്ലാത്ത സംഭവത്തിന്റെ നടുക്കത്തിലാണ് നാട്. സംഭവത്തിന് പിന്നാലെ മേയറും കളക്ടറും സ്‌കൂൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കുകയാണ് സ്‌കൂളിലെ ഒരു അധ്യാപിക. ക്ലാസ് മുറിയിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് തോക്കെടുത്ത് ഭീഷണിപ്പെടുത്തിയപ്പോൾ പ്രാങ്ക് ആയിരിക്കുമെന്നാണ് കുട്ടികൾ കരുതിയതെന്ന് ഒരധ്യാപിക പറയുന്നു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.
‘കറുപ്പും കറുപ്പും ധരിച്ച അയാൾ ക്ലാസ് മുറിയിലേക്ക് കയറി വന്നു. പെട്ടന്ന് തന്നെ അരയിൽ നിന്നും തോക്കെടുത്തു. കളിത്തോക്ക് ആണോ എന്നറിയില്ല, എല്ലാവരും പെട്ടന്ന് ഷോക്കായി. ഒരധ്യാപകനെയാണ് അയാൾ ചോദിച്ചത്. അറിയില്ലെന്ന് ഞാൻ മറുപടി നൽകി. ചില കുട്ടികൾ പ്രാങ്ക് ആണെന്ന് കരുതി അവർ ചിരിച്ചു. പെട്ടന്ന് തോക്ക് മുകളിലേക്കുയർത്തി വെടിയുതിർത്തു. അതോടെ കുട്ടികൾക്ക് ഭയമായി. അയാൾ അന്വേഷിച്ച് വന്നയാളെ കണ്ടില്ല. അതോടെ, അഞ്ച് മിനിറ്റ് കഴിഞ്ഞ് തിരിച്ചിറങ്ങി പോയി’, അധ്യാപിക പറയുന്നു.
ഇന്നു രാവിലെ പത്തോടെയാണ് സംഭവം. തോക്കുമായി സ്‌കൂളിലെത്തിയ പ്രതി ഓഫീസ് മുറിയിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ കത്തിക്കുമെന്നും വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി. ഓഫീസ് മുറിയിൽ കാലിന്മേൽ കാൽ കയറ്റിവെച്ചിരിക്കുന്ന ജഗന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എല്ലാ ക്ലാസിലും തോക്കുമായി പോയി ജഗൻ ഭീഷണിപ്പെടുത്തിയെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു. വെടിവെച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പഠനം പാതി വഴിയിൽ നിർത്തിയ ആളാണ് ജഗനെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Post Your Comments