തൃശൂര്‍: തൃശൂരിലെ വിവേകോദയം സ്‌കൂളില്‍ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിർത്ത യുവാവിനെ പോലീസ് പിടികൂടിയിരുന്നു. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഞെട്ടിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുളയം സ്വദേശി ജഗനാണ് സ്‌കൂളില്‍ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജഗൻ ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് എന്നാണ് പുറത്തുവരുന്ന വിവരം.
ഇന്നു രാവിലെ പത്തോടെയാണ് സംഭവം. തോക്കുമായി സ്‌കൂളിലെത്തിയ പ്രതി ഓഫീസ് മുറിയിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ കത്തിക്കുമെന്നും വിദ്യാര്‍ഥി ഭീഷണിപ്പെടുത്തി. രണ്ട് അധ്യാപകരെ ലക്ഷ്യം വെച്ചാണ് വിദ്യാര്‍ഥിയെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓഫീസ് മുറിയിൽ കാലിന്മേൽ കാൽ കയറ്റിവെച്ചിരിക്കുന്ന ജഗന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എല്ലാ ക്ലാസിലും തോക്കുമായി പോയി ജഗൻ ഭീഷണിപ്പെടുത്തിയെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു. വെടിവെച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഈ സ്‌കൂൾ ആണ് തന്റെ ഭാവി നശിപ്പിച്ചതെന്ന് ജഗൻ പറഞ്ഞതായി സ്‌കൂളിലെ ഒരു അധ്യാപിക വെളിപ്പെടുത്തി.
എയർ പിസ്റ്റളല്ലെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. തോക്കിന്റെ ലൈസൻസ് ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. പൂർവ വിദ്യാർഥിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് റൂമുകളിൽ കയറിയിറങ്ങിയതെന്ന് അധ്യപകർ പറഞ്ഞു. വെടിവെച്ച ശേഷം സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പഠനം പാതി വഴിയിൽ നിർത്തിയ ആളാണ് ജഗനെന്നും പ്രിൻസിപ്പൽ അറിയിച്ചു.
Post Your Comments