CricketLatest NewsNewsIndiaSports

‘വികാരങ്ങളുടെ തടവുകാരാണ് ഭാരതീയർ, ആദ്യം നമ്മൾ മാറണം, അതിനുശേഷം വലിയ ട്രോഫികൾ സ്വപ്നം കാണാം’: കുറിപ്പ്

അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. ആറാമത്തെ ലോകകപ്പ് ട്രോഫിയാണ് ഓസ്‌ട്രേലിയ ഉയർത്തിയത്. ലോകകപ്പ് കിരീടത്തിൻ്റെ മുകളിൽ കാൽ കയറ്റി വെച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. വിമർശനമുന്നയിച്ചവരെ ചില കാര്യങ്ങൾ ഓർമിപ്പിച്ച് ക്രിക്കറ്റ് നിരീക്ഷകൻ സന്ദീപ് ദാസ്.

ക്രിക്കറ്റിനെ ഒരു ഗെയിം ആയി കാണുന്നതാണ് മാർഷിൻ്റെ സംസ്കാരം. ലോകകപ്പ് കിരീടത്തെ അയാൾ ഒരു പുണ്യവസ്തുവായി പരിഗണിക്കുന്നില്ല എന്നും ഈ പ്രൊഫഷണലിസമാണ് ഓസീസിന് വലിയ വിജയങ്ങൾ സമ്മാനിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിവൈകാരികതയാണ് ഇന്ത്യയുടെ ശാപമെന്നും ഈ മനോഭാവം മൂലമാണ് നാം ഐ.സി.സി ട്രോഫികൾ ജയിക്കാത്തത് എന്നും അദ്ദേഹം പറയുന്നു. ക്രിക്കറ്റ് കളിയെ ഇന്ത്യക്കാർ ഒരു യുദ്ധമായിട്ട് കണക്കാക്കുന്നത് കൊണ്ടാണ് മാർഷ് ട്രോഫിയെ ബഹുമാനിച്ചില്ല എന്ന തോന്നൽ ഉണ്ടാകുന്നതെന്ന് സന്ദീപ് ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ലോകകപ്പ് കിരീടത്തിൻ്റെ മുകളിൽ കാൽ കയറ്റി വെച്ച ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിനെ കുറേ ഇന്ത്യൻ ആരാധകർ ചീത്തവിളിക്കുന്നുണ്ട്. ഈ അതിവൈകാരികതയാണ് ഇന്ത്യയുടെ ശാപം. ഈ മനോഭാവം മൂലമാണ് നാം ഐ.സി.സി ട്രോഫികൾ ജയിക്കാത്തത്.
ക്രിക്കറ്റിനെ ഒരു ഗെയിം ആയി കാണുന്നതാണ് മാർഷിൻ്റെ സംസ്കാരം. ലോകകപ്പ് കിരീടത്തെ അയാൾ ഒരു പുണ്യവസ്തുവായി പരിഗണിക്കുന്നില്ല. ഈ പ്രൊഫഷണലിസമാണ് ഓസീസിന് വലിയ വിജയങ്ങൾ സമ്മാനിക്കുന്നത്.
മറുവശത്തുള്ള ഇന്ത്യയുടെ അവസ്ഥ എന്താണ്? നാം ക്രിക്കറ്റ് കളിയെ ഒരു യുദ്ധമായിട്ടാണ് കണക്കാക്കുന്നത്. മാർഷ് ട്രോഫിയെ ബഹുമാനിച്ചില്ല എന്ന തോന്നൽ നമുക്ക് ഉണ്ടാവുന്നത് അതുകൊണ്ടാണ്.
ലോകകപ്പ് ഫൈനലിൽ എന്താണ് സംഭവിച്ചത്? ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായതോടെ വലിയ സമ്മർദ്ദത്തിലേയ്ക്ക് വഴുതിവീണു. ബൗണ്ടറികൾ ഇല്ലാതായി. റൺറേറ്റ് ഇടിഞ്ഞു. ഒടുവിൽ ഇന്ത്യ ഒരു ബിലോ പാർ ടോട്ടൽ കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.
ഇന്ത്യയുടെ ബാറ്റർമാരെ ഞാൻ കുറ്റപ്പെടുത്തുകയില്ല. കളി തോറ്റാൽ താരങ്ങളുടെ വീടിന് കല്ലെറിയാനും കോലം കത്തിക്കാനും വെമ്പിനിൽക്കുന്ന ഒരു ജനതയാണ് ഇന്ത്യയിലുള്ളത് എന്ന കാര്യം അവർക്കറിയാം.
റൺചേസിനിറങ്ങിയ ഓസീസിനും മൂന്ന് വിക്കറ്റുകൾ കൈമോശം വന്നിരുന്നു. പക്ഷേ അവർ ഭയപ്പെട്ട് നിന്നില്ല. ട്രാവിസ് ഹെഡ് കൃത്യമായ ഇടവേളകളിൽ ഫോറുകളും സിക്സറുകളും പായിച്ചു. കംഗാരുപ്പട അനായാസമായി ജയിക്കുകയും ചെയ്തു.
ഇതാണ് വ്യത്യാസം. ഓസ്ട്രേലിയൻ പ്രൊഫഷണലിസവും ഇന്ത്യൻ അതിവൈകാരികതയും തമ്മിലുള്ള അന്തരം! കളി തോറ്റാലും തന്നെ ആരും ചെരിപ്പ് മാല അണിയിക്കില്ല എന്ന ധൈര്യം ഹെഡിന് ഉണ്ടായിരുന്നു!
ഫൈനലിൽ നിർണ്ണായക സമയത്ത് പുറത്തായ മിച്ചൽ മാർഷ് ചിരിച്ചുകൊണ്ടാണ് മൈതാനം വിട്ടത്. മാർഷ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ രാഹുലിനെ നോക്കി കണ്ണിറുക്കുകയും ചെയ്തു. ഒരു ഇന്ത്യൻ താരം ഇങ്ങനെയെല്ലാം ചെയ്യുന്നത് നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ!?
ടൂർണ്ണമെൻ്റിലെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ വിരാട് കോഹ്ലിയുടെ മുഖത്ത് സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിരാട് ആ അവാർഡ് പൊട്ടിച്ചിരിയുടെ അകമ്പടിയോടെ സ്വീകരിച്ചിരുന്നുവെങ്കിൽ എന്തായേനേ സ്ഥിതി? വിരാടിൻ്റെ ടീമിനോടുള്ള പ്രതിബദ്ധതയെ ചിലർ ചോദ്യം ചെയ്യുമായിരുന്നില്ലേ?
സ്ത്രീയെ ദൈവമായി കണക്കാക്കുന്ന സംസ്കാരമാണ് നമ്മുടേത്. നദികളെ നാം അമ്മ എന്ന് വിശേഷിപ്പിക്കാറുണ്ട്. അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ദിവസവും വർദ്ധിച്ചുവരികയാണ്‌. നമ്മുടെ നദികൾ മാലിന്യങ്ങൾ മൂലം വീർപ്പുമുട്ടുകയാണ്.
വിദേശികൾ സ്ത്രീകൾക്കും നദികൾക്കും ദിവ്യ പരിവേഷം കൽപ്പിച്ചുനൽകുന്നില്ല. പക്ഷേ അവിടത്തെ നദികളിലൂടെ തെളിനീർ ഒഴുകുന്നുണ്ട്. സ്ത്രീകൾ അവിടെ മനഃസമാധാനത്തോടെ ജീവിക്കുന്നുണ്ട്.
അതിവൈകാരികതയ്ക്ക് മേൽ യാഥാർത്ഥ്യബോധവും പ്രൊഫഷണലിസവും വിജയം വരിക്കണം. അന്ന് നാം വിജയിച്ച ജനതയാകും. അതുവരെ നമുക്ക് മാർഷുമാരെ തെറി പറഞ്ഞുകൊണ്ട് കാലം കഴിക്കേണ്ടിവരും.
ഫൈനലിൽ തോറ്റ ഇന്ത്യൻ ടീമിനെ പലരും കുറ്റപ്പെടുത്തുന്നുണ്ട്. കളിക്കാർ അന്യഗ്രഹ ജീവികളൊന്നുമല്ല. ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ സമൂഹത്തിൻ്റെ പ്രതീകങ്ങൾ തന്നെയാണ്.
വികാരങ്ങളുടെ തടവുകാരാണ് ഭാരതീയർ. അതേ പ്രശ്നം അത്ലീറ്റുകൾക്കും ഉണ്ടാകും.
ആദ്യം നമ്മൾ മാറണം. അതിനുശേഷം വലിയ ട്രോഫികൾ സ്വപ്നം കാണുന്നതായിരിക്കും നല്ലത്…!!

shortlink

Related Articles

Post Your Comments

Related Articles


Back to top button