KeralaLatest News

സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും: സ്റ്റേഷനിലേക്ക് പോവുക നേതാക്കളുമായി പദയാത്രയായി

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. നടക്കാവ് സ്റ്റേഷനിലാണ് എത്തുക. പദയാത്രയായിട്ടാണ് സ്റ്റേഷനിലേക്ക് പോവുക. നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിക്കും.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നത്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയായിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ സുരേഷ് ഗോപി കൈവെക്കുകയായിരുന്നു.സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു.

എന്നാൽ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഒക്ടോബര്‍ 28ന് രാവിലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button