ശബരിമല തീർത്ഥാടനത്തിന് തുടക്കമായതോടെ മുഖം മിനുക്കി പമ്പയിലെയും നിലയ്ക്കലിലെയും പെട്രോൾ പമ്പുകൾ. ഇത്തവണ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, യാത്രക്കാർക്ക് എടിഎം കാർഡ്/ ക്യുആർ കോഡ് എന്നിവ ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും. കേരളത്തിലെ മുഴുവൻ പെട്രോൾ പമ്പുകളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഈ രണ്ട് പമ്പുകളിലും ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയിരുന്നില്ല. ഇതിനെ തുടർന്നാണ് പുതിയ നടപടി.
എസ് ബാങ്ക് സൗജന്യമായാണ് ഈ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. കൂടാതെ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ എടിഎം മെഷീൻ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. നിലയ്ക്കലിൽ ഉടൻ തന്നെ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനായി ഫാസ്റ്റ് ടാഗ് സംവിധാനം ഒരുക്കും. നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് കയറുന്ന പ്രവേശന ഭാഗത്തും, ഇറങ്ങുന്ന ഭാഗത്തുമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഗേറ്റ് സ്ഥാപിക്കാൻ സാധ്യത. പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്കിനാണ് ഫാസ്റ്റ് ടാഗ് ഫീസ് പിരിക്കുന്നതിനുള്ള ചുമതല.
Post Your Comments