ജമ്മു കശ്മീര്‍: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ മരിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളിയാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:45ഓടെ പുൽവാമ ജില്ലയിലെ രാജ്‌പോറ മേഖലയിലാണ് മുകേഷ് സിംഗ് എന്നയാൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്.
Read Also : എസ്റ്റേറ്റ് വക സ്ഥലം കൈയേറിയെന്ന് ആരോപണം: യുവതിയെ മർദിച്ചതായി പരാതി
സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെയാണ് കശ്‌മീർ സോൺ പോലീസ് മരണം സ്ഥിരീകരിച്ചത്. “പുൽവാമയിലെ തുംചി നൗപോര മേഖലയിൽ യുപിയിൽ നിന്നുള്ള മുകേഷ് എന്ന ഒരു തൊഴിലാളിക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തു, അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി. കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടും” എക്‌സ് പോസ്‌റ്റിൽ പറയുന്നു.
പ്രദേശത്ത് പോലീസ് സേനയെ വിന്യസിക്കുകയും ഭീകരർക്കായി തിരച്ചിൽ തുടരുന്നതിനാൽ അവിടം പൂർണമായും അടയ്ക്കുകയും ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്‌മീർ താഴ്‌വരയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ശ്രീനഗറിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ നാട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെയും തീവ്രവാദികൾ വെടിയുതിർത്തിരുന്നു.
മസ്‌റൂർ അഹമ്മദ് വാനി എന്ന ഉദ്യോഗസ്ഥനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടത്. ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.
Post Your Comments