KeralaLatest NewsNews

‘സംസാരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കൊച്ചാക്കാന്‍ നടത്തിയ സുരേഷ് ഗോപിയുടെ സ്ഥിരം ശൈലി’: നികേഷ് കുമാർ

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ. ഒട്ടും ലൈംഗിക ചേഷ്ടയോടെയല്ല സുരേഷ് ഗോപി ആ പത്രപ്രവര്‍ത്തകയെ സ്പര്‍ശിച്ചതെന്ന് നികേഷ് പറഞ്ഞു. സംസാരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കൊച്ചാക്കാന്‍ നടത്തിയ സുരേഷ് ഗോപിയുടെ സ്ഥിരം ശൈലി മാത്രമാണ് അവിടെ സംഭവിച്ചതെന്നും അത് അഭിനയത്തിന്റെ ഭാഗമായി വന്നിട്ടുള്ള കാര്യമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അതിനപ്പുറത്തേക്ക് ഒരു ക്യാമ്പയില്‍ വേണ്ടെന്നും നികേഷ് കുമാര്‍ പറയുന്നു.

നേരത്തെ, സുരേഷ് ഗോപിയെ പിന്തുണച്ച് ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു. മാധ്യമപ്രവര്‍ത്തക എന്തുകൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നത് എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. മലയാള സിനിമയില്‍ ഇന്നുവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപിയെന്നും അവർ പറഞ്ഞു. മീഡിയവണ്‍ ചാനലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

‘ഞങ്ങള്‍ക്കൊക്കെ അറിയാം സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ല. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. സുരേഷ് ഗോപി എന്ന സിനിമാക്കാരനായിട്ടേ എനിക്ക് അദ്ദേഹത്തെ കാണാന്‍ പറ്റുള്ളൂ. ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നുകൊണ്ടാണ് പലപ്പോഴും അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത്. ആ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ സിനിമയ്ക്കുള്ളിലെ സ്ത്രീകളോട് സംസാരിക്കുന്നത് പോലെ സൗഹൃദത്തോടെ അവരോട് സംസാരിച്ചു എന്നാണ് എനിക്ക് തോന്നിയത്. ആ കുട്ടി അവിടെ വെച്ച് തന്നെ വളരെ രൂക്ഷമായി സംസാരിക്കണമായിരുന്നു. പക്ഷേ അവര്‍ വളരെ ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. അപ്പോള്‍ ഞാന്‍ വിചാരിച്ചു പ്രശ്‌നം ഒന്നുമില്ലെന്ന്. അദ്ദേഹം കൈ വെച്ചപ്പോള്‍ പുറകോട്ട് പോയ ശേഷം അവര്‍ വീണ്ടും തിരിച്ചുവന്ന് ചോദ്യം ആവര്‍ത്തിക്കുകയാണ് ചെയ്തത്. അല്ലാതെ ഇതിനോട് പ്രതികരിക്കുകയല്ലല്ലോ ചെയ്തത്. രൂക്ഷമായി പ്രതികരിച്ചിരുന്നുവെങ്കില്‍ തെറ്റായി പോയി, ക്ഷമ ചോദിക്കുന്നുവെന്ന് അവിടെ വെച്ച് തന്നെ സുരേഷ് ഗോപിക്ക് പറയാനൊരു അവസരം ഉണ്ടായേനെ’, ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചതാണ് ആരോപണത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ, സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. തന്റെ പെരുമാറ്റം മൂലം മാധ്യമപ്രവർത്തകയ്ക്ക് ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button