
രാജാക്കാട്: കോതമംഗലത്തിന് സമീപം നെല്ലിമറ്റത്ത് ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാജാക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പഴയവിടുതി കല്ലുവേലിപറമ്പിൽ പരേതനായ ഹാബേലിന്റെ മകൻ അനീഷ്(41) ആണ് മരിച്ചത്.
കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയിൽ നെല്ലിമറ്റം എം ബിറ്റ്സ് എൻജിനിയറിംഗ് കോളജിനു സമീപം ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. മരിച്ച അനീഷ് അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ്. ജോലിയുടെ സൗകര്യാർഥം കോതമംഗലം ആയക്കാട് പുലിമലയിൽ കുടുംബസമേതം വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇന്നലെ രാവിലെ ജോലിയുടെ ഭാഗമായി വീട്ടിൽനിന്നും മറയൂരിലേക്ക് പോവുകയായിരുന്നു മരിച്ച അനീഷ്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് നെല്ലിമറ്റത്ത് എത്തിയപ്പോൾ മത്സ്യ വില്പനക്കായി ഉപയോഗിച്ചിരുന്ന പെട്ടി ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Read Also : മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമായ കേരളം; ചില ആഘോഷങ്ങൾ
പെട്ടി ഓട്ടോയുടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ മത്സ്യ വില്പനക്കാരനായ ഡ്രൈവറെയും ഇടിച്ച് തെറിപ്പിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിൽ തെറിച്ചുവീണ അനീഷ് തതക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ കുത്തുകുഴി പാറായിതോട്ടം കോയിക്കക്കുടി ജോബിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഊന്നുകൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അനീഷിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: അമ്മിണി. ഭാര്യ: നിത. മക്കൾ: ഏബേൽ (ഏഴ്), അഡ്ലിയ (നാല്).
Post Your Comments