മൂവാറ്റുപുഴ: കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ജയനെ(57)യാണ് കോടതി ശിക്ഷിച്ചത്. മുണ്ടക്കയം കോരുത്തോട് കൊന്നക്കൽ ബിനോയി(45)യെ കൊലപ്പെടുത്തിയ കേസിൽ മൂവാറ്റുപുഴ അഡീഷനൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തേ കോടതി വെറുതെവിട്ടിരുന്നു.
2018 ഏപ്രിൽ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയന്‍റെ തടിമില്ലിലെ ജീവനക്കാരിയായിരുന്ന ബിനോയിയുടെ ഭാര്യയും ജയനും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലി ബിനോയിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് ബിനോയിയെ വിളിച്ചുവരുത്തി ജയൻ മർദിച്ചവശനാക്കി. മുല്ലപ്പടിയിലുള്ള റോഡിന് സമീപം അന്ന് വൈകീട്ട് നാട്ടുകാരാണ് ബിനോയിയെ അവശനിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ബിനോയി നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അന്നുതന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്‍റെ വിചാരണവേളയിൽ മരണപ്പെട്ടയാളുടെ ഭാര്യ ഉൾപ്പെടെ പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് മധു ഹാജരായി.
Post Your Comments