പൊതുജനങ്ങൾക്കായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച സമ്പാദ്യ പദ്ധതികൾക്ക് വൻ സ്വീകാര്യത. ചെറുകിട സമ്പാദ്യ പദ്ധതികളിലടക്കം കഴിഞ്ഞ മാസം വലിയ രീതിയിലുള്ള നിക്ഷേപമാണ് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം, വനിതകൾക്കായുള്ള മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് എന്നിവയിലാണ് കൂടുതൽ നിക്ഷേപം എത്തിയിട്ടുള്ളത്. സീനിയർ സിറ്റിസൺസ് സ്കീമിന് വലിയ രീതിയിൽ ജനപിന്തുണ ലഭിച്ചതോടെ, മൊത്തം നിക്ഷേപം ഒരു ലക്ഷം കോടിയാണ് കവിഞ്ഞിരിക്കുന്നത്.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 28,715 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. ഇതോടെ, 160 ശതമാനം കുതിപ്പാണ് ഈ നിക്ഷേപ പദ്ധതിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂൺ മാസം സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിന്റെ പലിശ നിരക്ക് 8.00 ശതമാനത്തിൽ നിന്നും 8.2 ശതമാനമായി ഉയർത്തിയിരുന്നു. ഇത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കാരണമായി.
വനിതകൾക്ക് മാത്രമായുള്ള മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്‌കീമിനും വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വനിതകൾക്ക് ഒറ്റത്തവണയായി പരമാവധി രണ്ട് ലക്ഷം രൂപ വരെ ഈ പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കാൻ കഴിയുന്നതാണ്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള പാദത്തിൽ, ഈ പദ്ധതിയിലേക്ക് 13,512 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
Post Your Comments