സാങ്കേതികവിദ്യ വളർച്ച പ്രാപിച്ചതോടെ അതിന് അനുസൃതമായി നിരവധി തരത്തിലുള്ള തട്ടിപ്പുകളും ഓൺലൈനിൽ പെരുകിയിട്ടുണ്ട്. ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കളിൽ നിന്നും പണം തട്ടാൻ വ്യത്യസ്ഥമായ മാർഗങ്ങളാണ് തട്ടിപ്പുകാർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട തട്ടിപ്പാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈദ്യുതി ബില്ലിന്റെ പേരിൽ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. പലപ്പോഴും ഔദ്യോഗിക ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റുകളിൽ നിന്നുള്ള സന്ദേശങ്ങളായി ഇവ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ രീതി എങ്ങനെയെന്ന് അറിയാം.
കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് ഇതുവരെ അടച്ചിട്ടില്ലെന്നും, അതിനാൽ രാത്രിയോടെ കണക്ഷൻ വിച്ഛേദിക്കുമെന്നും അറിയിച്ചാണ് ഉപഭോക്താക്കളുടെ ഫോണിൽ സന്ദേശം എത്തുക. വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി സന്ദേശത്തോടൊപ്പം പ്രത്യേക ലിങ്കും നൽകിയിട്ടുണ്ടാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം അടയ്ക്കാൻ ശ്രമിക്കുന്നതോടെ അക്കൗണ്ടിലെ പണം മുഴുവൻ കാലിയാകും. നിയമാനുസൃതമെന്ന് തോന്നുന്ന തരത്തിൽ സന്ദേശം ലഭിക്കുന്നതിനാൽ, തട്ടിപ്പിന് ഇരയാകാനുള്ള സാധ്യതയും ഏറെയാണ്.
വൈദ്യുതി ബില്ലിൽ കുടിശ്ശികയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ടെക്സ്റ്റ് സന്ദേശമോ, ഇമെയിലോ ലഭിക്കുകയാണെങ്കിൽ, ഇലക്ട്രിസിറ്റി ഓഫീസിൽ നേരിട്ട് എത്തി പ്രശ്നങ്ങൾ ചോദിച്ചറിയേണ്ടതാണ്. സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിലൂടെയോ, ഫോൺ നമ്പറുകളിലൂടെയോ പണമിടപാടുകൾ നടത്താൻ പാടുള്ളതല്ല. പേര്, വിലാസം, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, സോഷ്യൽ സെക്യൂരിറ്റി നമ്പർ എന്നിവ പോലെയുള്ള സ്വകാര്യ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം.
Post Your Comments