ചെന്നൈ: തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ മരണം പതിമൂന്ന് ആയി. ശിവകാശിയിലെ കിച്ചനായകംപട്ടിയിലെയും രംഗപാളയയിലെയും രണ്ടു പടക്ക നിര്‍മാണശാലകളിലാണ് അപകടമുണ്ടായത്. കിച്ചനായകംപട്ടിയില്‍ ഒരാളും രംഗപാളയത്ത് 12പേരുമാണ് മരിച്ചത്. പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.
മരിച്ചവരില്‍ ഏഴു പേര്‍ സ്ത്രീകളാണ്. രംഗപാളയത്ത് വിൽപ്പനശാലയിലേക്ക് മാറ്റിയ പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് രംഗപാളയത്ത് സ്ഫോടനമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗോഡൗണിലേക്കും കടകളിലേക്കും തീ പടര്‍ന്നതിനാൽ രക്ഷാപ്രവര്‍ത്തനം വൈകി. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
കിച്ചനായകംപട്ടിയിലെ സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. ദീപാവലിയോട് അനുബന്ധിച്ച് തമിഴ് നാട്ടിൽ പടക്കനിര്‍മാണം സജീവമാണ്. രണ്ടാഴ്ചയ്ക്കിടെ പടക്കനിര്‍മാണ ശാലകളിലുണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസങ്ങളിലും പടക്ക നിര്‍മാണശാലകളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിഎം.കെ. സ്റ്റാലിന്‍ മൂന്നു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Post Your Comments