കൊച്ചി: ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മികച്ച നടനുള്ള ദേശീയ- സംസ്ഥാന അവാർഡുകളും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മക്കളുടെ ജനനത്തിലൂടെ തനിക്കുണ്ടായ സൗഭാഗ്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസാംസ്‌കാരിക സമ്മേളനത്തിൽ സംസാരിക്കവെയാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.
സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകൾ ഇങ്ങനെ;
‘എനിക്ക് മൂന്ന് കുട്ടികളാണ്. ആദ്യത്തെ ആൾ ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. അങ്ങനെ ഇരുന്നപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു വസുദേവ്, അവൻ ജനിച്ചപ്പോൾ എനിക്ക് രണ്ടാമത്തെ സംസ്ഥാന അവാർഡ് ലഭിച്ചു. അപ്പോൾ ഞാൻ വിചാരിച്ചു ഈ പരിപാടി കൊള്ളാമല്ലോ. താൻ പാതി ദൈവം പാതി എന്ന് പറയുന്നതുപോലെ. പിന്നീട് ഒരു പെൺകുഞ്ഞ് വേണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു.
അങ്ങനെ മൂന്നാമത് ഒരു പെൺകുട്ടി ജനിച്ചു, ഹൃദ്യ. അവൾ ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും കിട്ടി നാഷണൽ അവാർഡും കിട്ടി. ഇനി ഓസ്കാർ അവാർഡ് കിട്ടുമെങ്കിൽ നാലാമത്തെതിനും ഞാൻ റെഡിയാണ്. അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം വേണ്ട, പ്രാർഥന മാത്രം മതി എന്നുകൂടി ഈ അവസരത്തിൽ പറയുകയാണ്.’
Post Your Comments