മലപ്പുറം: പിഴ ഒടുക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് പിടിയിലായത്. 5,000 രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാൾ പിടിയിലായത്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയും പ്രവാസിയുമായ പരാതിക്കാരൻ കെട്ടിട നിർമ്മാണ പെർമിറ്റ് വാങ്ങാതെ നിർമ്മാണം പൂർത്തീകരിച്ച വീടിന് പഞ്ചായത്ത് അധികൃതർ 52,000/- രൂപ പിഴ വിധിച്ചിരുന്നു. പ്രവാസിയായ പരാതിക്കാരൻ അവധിക്ക് ശേഷം തിരികെ പോകേണ്ടതിനാൽ പിഴ ഒടുക്കുന്നതിന് ഹെഡ് ക്ലാർക്കിനെ കണ്ടപ്പോൾ 5,000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫിറോസ് എം ഷഫീഖിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്ന് ഉച്ചയോടെ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവെ സുഭാഷ് കുമാറിനെ കയ്യോടെ പിടികൂടി.
അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്‌പെക്ടർമാരായ ഗിരീഷ് കുമാർ, സ്റ്റെപ്‌റ്റോ ജോൺ സബ് ഇൻസ്‌പെക്ടർമാരായ ശ്രീനിവാസൻ, മോഹന കൃഷ്ണൻ, ഷിഹാബ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ ഹനീഫ, സലിം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജയകുമാർ, രാജീവ്, ജിറ്റ്‌സ് സിവിൽ പോലീസ് ഓഫീസർമാരായ സുബിൻ, അഭിജിത് എന്നിവർ ഉണ്ടായിരുന്നു.
Read Also: കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്‌ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്
Post Your Comments