കോഴിക്കോട്: ക്രിപ്റ്റോ കറൻസി ഇടപാടിൽ ലാഭം വാഗ്ദാനം ചെയ്ത് ബിസിനസുകാരനില്‍ നിന്ന് കോടികള്‍ തട്ടി യുവതികള്‍. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന് കൂടുതൽ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് മലപ്പുറം സ്വദേശിയായ നാൽപ്പതുകാരനെ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയാക്കിയത്. 2.85 കോടി രൂപയാണ് കുടുംബസമേതം കോഴിക്കോട്ട് താമസിക്കുന്ന ബിസിനസുകാരന് നഷ്ടപ്പെട്ടത്.
ജൂലായ് 5നും ഓഗസ്റ്റ് 16നും ഇടയിലെ രണ്ടുമാസകാലയളവിലാണ് ഇയാള്‍ വലിയ നിക്ഷേപം നടത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടവർ ലിങ്ക് അയച്ചുനൽകി ടെലഗ്രാം ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പിൽ ബിസിനസുകാരനെ വിശ്വസിപ്പിക്കും വിധമുള്ള വിവരങ്ങളാണ് നൽകിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ഇദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ആശയവിനിമയം നടത്താൻ ഇന്ത്യയിലെ ഒരാളെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു. യൂസർ ഐഡി നൽകി ഒരു വെബ്സൈറ്റും ഇദ്ദേഹത്തെക്കൊണ്ട് ലോഗിൻ ചെയ്യിപ്പിച്ചു. ഇടുന്ന നിക്ഷേപത്തിന്റെയും ലാഭത്തിന്റെയുമൊക്കെ കണക്കുകൾ അപ്പപ്പോൾ കൃത്യമായി വെബ്സൈറ്റിൽ കാണാമായിരുന്നു. സ്ക്രീൻ ഷോട്ടുകളും അയച്ചുകൊടുത്തു.
വ്യാജസൈറ്റുകൾ വഴിയുള്ള ചതിക്കുഴിയാണെന്നറിയാതെ ബിസിനസുകാരൻ പലഘട്ടങ്ങളിലായി വൻ നിക്ഷേപമാണ് നടത്തിയത്. മുപ്പതോളം തവണയാണ് ഇടപാട് നടത്തിയത്. ലാഭമുൾപ്പെടെ പണം പിൻവലിക്കണമെങ്കിൽ ഒരുമാസം കഴിയണമെന്നും അറിയിപ്പുകിട്ടിയിരുന്നു. 2,85,82,000 രൂപ നിക്ഷേപിച്ച് അത് അഞ്ചുകോടിയുടെ അടുത്തെത്തിയ കണക്ക് കാണിച്ചപ്പോഴാണ് ബിസിനസുകാരൻ പണം പിൻവലിക്കാൻ മുതിർന്നത്. അപ്പോൾ 20 ശതമാനം ടാക്സ് അടയ്ക്കണമെന്ന നിർദേശം വന്നു. അതുതന്നെ എൺപത് ലക്ഷത്തിലധികം വരുമെന്നു കണ്ടപ്പോഴാണ് നിക്ഷേപകന് സംശയം തോന്നിയത്. ഇതോടെ ഇയാള്‍ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്‍കി. വ്യാജ അക്കൗണ്ടുകൾ വഴി അപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു.
സൈബർക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്രവലിയ തുകയുടെ ഓൺലൈൻ തട്ടിപ്പ് കോഴിക്കോട് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമാണെന്ന് സൈബർ പോലീസ് പറഞ്ഞു.
Post Your Comments