Latest NewsKeralaNews

കുറ്റിക്കാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് കണ്ടെത്തല്‍, സുഹൃത്ത് അറസ്റ്റില്‍ 

കാസർഗോഡ്: കുമ്പളയിലെ കുറ്റിക്കാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ മരിച്ച അബ്ദുല്‍ റഷീദിന്റെ സുഹൃത്ത് ഹബീബ് അറസ്റ്റിലായി. മദ്യ ലഹരിയിലെ കയ്യാങ്കളിക്കൊടുവിലായിരുന്നു കൊലപാതകം. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

തിങ്കളാഴ്ച രാവിലെയാണ് ശാന്തിപള്ളം സ്വദേശി അബ്ദുൽ റഷീദിന്റെ മൃതദേഹം കുമ്പള ഐഎച്ച്ആര്‍ഡി കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. റഷീദിന്റെ സുഹൃത്തായ പെറുവാട് സ്വദേശി അഭിലാഷ് എന്ന ഹബീബ് ആണ് പിടിയിലായത്. മദ്യലഹരിയിൽ ഇരുവരും വാക്ക് തർക്കം ഉണ്ടാകുകയും പിടിച്ച് തള്ളിയപ്പോൾ റഷീദിന്റെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും നിലത്ത് വീഴുകയും ആയിരുന്നു.

തുടർന്ന് കരിങ്കല്ല് തലയിലിട്ട് കൊന്നുവെന്നാണ് ഹബീബ് നൽകിയിരിക്കുന്ന മൊഴി. മൈതാനത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം റഷീദിന്റെ മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ തള്ളി. റഷീദിനേയും ഹബീബിനെയും വൈകുന്നേരം ഒരുമിച്ചു കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചതായും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹബീബിനെ പിടികൂടിയത്.  വധശ്രമം അടക്കം ആറ് കേസുകളിൽ പ്രതിയാണ് അഭിലാഷ് എന്ന ഹബീബ്. മധൂര്‍ പട്ളയിലെ ഷൈന്‍ എന്ന ഷാനുവിനെ കൊന്ന് കിണറ്റില്‍ തള്ളിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൽ റഷീദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button