ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) നടത്തിയെന്നാരോപിച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പുർകായസ്തയ്‌ക്കൊപ്പം അറസ്റ്റിലായ ന്യൂസ് ക്ലിക്ക് ന്യൂസ് പോർട്ടലിന്റെ ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.
ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് ന്യൂസ് ക്ലിക്ക് ഓഫീസിലും ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട 30 ഓളം മാധ്യമപ്രവർത്തകരുടെയും പ്രവർത്തകരുടെയും വസതികളിൽ ഡൽഹി പോലീസ് ഒരു ദിവസം നീണ്ട റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിന് ശേഷമാണ് പുർകായസ്തയെയും ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. ഇവർ അനധികൃത വിദേശ ഫണ്ട് സ്വീകരിച്ചെന്ന് പോലീസ് സ്ഥിരീകരിച്ചു.
‘സംശയിക്കപ്പെടുന്ന 37 പുരുഷന്മാരെയും 9 സ്ത്രീകളേയും ചോദ്യം ചെയ്തു. പോർട്ടലുമായും അതിന്റെ മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ട മുപ്പതോളം സ്ഥലങ്ങളിൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഇന്ന് തിരച്ചിൽ നടത്തി. മാധ്യമപ്രവർത്തകരായ ഊർമിലേഷ്, ഔനിന്ദ്യോ ചക്രവർത്തി, അഭിസാർ ശർമ്മ, പരഞ്ജോയ് ഗുഹ താകുർത്ത, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരും ചോദ്യം ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു’, ഡല്‍ഹി പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Post Your Comments