ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകായസ്തയുടെ അറസ്റ്റിന് പിന്നാലെ ചാനലിന്റെ ഹ്യൂമൻ റിസോഴ്‌സ് മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിൽ. ചൈന അനുകൂല പ്രചാരണത്തിന് പണം കൈപ്പറ്റിയെന്ന ആരോപണത്തെത്തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട് (യുഎപിഎ) പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുർകായസ്തയെ ചോദ്യം ചെയ്യുന്നതിനായി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസിൽ എത്തിച്ചിരുന്നു. പിന്നാലെ അമിത് ചക്രവർത്തിയെയും പോലീസ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടാതെ, ഓൺലൈൻ മാധ്യമ സ്ഥാപനമായ ന്യൂക്ലിക്കിന്റെ ഓഫീസും പോലീസ് സീൽ ചെയ്തു.
അതേസമയം, ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസിന്റെ വ്യാപക പരിശോധന നടന്നത് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ അതീവ രഹസ്യമായി ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗം നടന്നത്. ഇതിനുപിന്നാലെയാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 കേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസിന്റെ പരിശോധന ആരംഭിച്ചത്.
യുഎപിഎ കേസുമായി ബന്ധപ്പെട്ട് ന്യൂസ്‌ക്ലിക്ക് എന്ന ഓൺലൈൻ പോർട്ടലുമായി ബന്ധമുള്ള നിരവധി മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസ് ചൊവ്വാഴ്ച റെയ്ഡ് നടത്തി. കേസിൽ 46 പേരെ പൊലീസ് ചോദ്യം ചെയ്തു. റെയ്ഡിനിടെ, ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകൾ പോലീസ് പിടിച്ചെടുത്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പങ്കുവെച്ച ഇൻപുട്ടുകളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.
Post Your Comments