Latest NewsNewsIndia

ന്യൂസ് ക്ലിക്ക് കേസ്; വഴിത്തിരിവ്, എച്ച് ആര്‍ മേധാവി അമിത് ചക്രവർത്തി സാക്ഷിയായേക്കും – കോടതിയെ സമീപിച്ചു

ന്യൂഡൽഹി: ന്യൂസ്‌ ക്ലിക്കിന്റെ എച്ച്ആർ തലവൻ അമിത് ചക്രവർത്തി ഡൽഹി കോടതിയെ സമീപിച്ചു. വിവാദമായ ന്യൂസ്‌ ക്ലിക്ക് കേസിൽ തന്നെ സാക്ഷിയാക്കണമെന്ന ആവശ്യമുന്നയിച്ചാണ് അദ്ദേഹം ഇന്ന് കോടതിയെ സമീപിച്ചത്. ഇന്ത്യ വിരുദ്ധ പ്രചരണം നടത്താൻ ചൈനീസ് ഏജന്റുമാരിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചു, ഇന്ത്യയുടെ പരമാധികാരം തകർക്കുകയും രാജ്യത്തിനെതിരെ അതൃപ്തി ഉണ്ടാക്കുകയും ചെയ്തു എന്ന വാർത്താ പോർട്ടലിന്റെ കേസിൽ തന്നെ സാക്ഷിയാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ പുതിയ ആവശ്യം.

സ്പെഷ്യല്‍ ജഡ്ജി ഹര്‍ദീപ് കൗറിന് മുമ്പാകെയാണ് അമിത് ചക്രവർത്തി അപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ മാപ്പ് തേടിയ ഇയാള്‍ ഡല്‍ഹി പോലീസിനോട് തന്റെ പക്കലുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് അറിയിച്ചു. ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്താന്‍ ജഡ്ജി, വിഷയം മജിസ്റ്റീരിയല്‍ കോടതിക്ക് മുമ്പാകെ അയച്ചു. ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയതിന് ശേഷം ഒക്ടോബര്‍ ഒന്നിന് ചക്രവര്‍ത്തിയെയും ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം ആദ്യം, രണ്ട് പ്രതികളെയും കോടതി ഡിസംബര്‍ 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്ഥാപനത്തിന്റെ ഫണ്ടിംഗ് സ്രോതസ്സുകള്‍ അന്വേഷിക്കുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ വ്യാപക റെയ്ഡ് നടത്തിയിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും തിരച്ചില്‍ നടത്തി. ചക്രവർത്തി, ന്യൂസ് പോർട്ടലിന്റെ സ്ഥാപകൻ പ്രബിർ പുർകയസ്ത എന്നിവർക്കെതിരായ കേസിന്റെ അന്വേഷണം പൂർത്തിയാക്കാൻ ന്യൂഡൽഹിയിലെ പട്യാല ഹൗസ് കോടതി ഡൽഹി പോലീസിന് ജുഡീഷ്യൽ കസ്റ്റഡി 60 ദിവസത്തേക്ക് നീട്ടി നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവവികാസം.

അതിനിടെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സ്ഥാപനത്തിന്റെ പരിസരത്ത് പരിശോധന നടത്തി. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) പ്രകാരമുള്ള കേസും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഫയൽ ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) പ്രചാരണ വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുഎസ് ആസ്ഥാനമായുള്ള കോടീശ്വരനായ നെവിൽ റോയ് സിംഗാമിൽ നിന്ന് ന്യൂസ്‌ക്ലിക്ക് 38 കോടി രൂപ കൈപ്പറ്റിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button