തിരുവനന്തപുരം: കേരളത്തെയും അതിന്റെ സമസ്ത നേട്ടങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായി സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ നടത്തിപ്പിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഈ മഹോത്സവത്തിലേക്ക് ആകർഷിക്കാനുള്ള നടപടികൾ ഓരോ നഗരവാസിയും സ്വീകരിക്കണം. തിരുവനന്തപുരത്തിന്റെ പുകൾപെറ്റ ആതിഥ്യമര്യാദ ലോകം അറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് താമസിക്കുന്നവർ കേരളീയം നടക്കുന്ന ദിവസങ്ങളിൽ ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തുക, ആളുകൾക്ക് ഇവിടേക്കെത്താനും താമസിക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ കൂടി സ്വാഭാവികമായി നടക്കുമ്പോഴേ കേരളീയം യഥാർഥത്തിൽ കേരളത്തിന്റെ ഉത്സവമായി മാറുകയുള്ളൂവെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘കേരളീയത’ എന്നത് ഓരോ മലയാളിയുടെയും വികാരമാവണം, അതിലൂടെ കേരളീയരാകെ ഒരുമിക്കണം എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്നത് തിരുവനന്തപുരത്താണെങ്കിലും കേരളമാകെ ഈ പരിപാടി ജനകീയമാക്കാൻ സാധിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
കേരളീയത്തിന്റെ ഒരുക്കങ്ങൾ ഊർജിതമായി മുന്നോട്ടുപോകുകയാണ്. 41 വേദികളിലായാണ് കേരളീയം അരങ്ങേറുക. ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്ത ആറ് എകിസിബിഷനുകൾ കൂടാതെ താത്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 13 എക്സിബിഷനുകൾ കൂടി ഉൾപ്പെടുത്തി 19 എകസിബിഷനുകളാണ് ഉണ്ടാവുക. കേരളത്തിന്റെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദർശന വേദിയാണ് കേരളീയം. ഏഴ് ദിവസങ്ങളിലായി 31 വേദികളിലാണ് കേരളത്തിന്റെ തനത് കലകൾ അരങ്ങേറുന്നത്. കേരളത്തിന്റെ നൂതന സംരംഭങ്ങളും വ്യത്യസ്തമായ ആശയങ്ങളും പരിചയപ്പെടുത്താൻ 10 വേദികളിൽ ട്രേഡ് ഫെയർ സംഘടിപ്പിക്കും. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ട്രേഡ് ഫെയർ, ട്രൈബൽ മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബൽ ട്രേഡ് ഫെയർ, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വനിതാ ട്രേഡ് ഫെയർ, പരമ്പരാഗത, സഹകരണ മേഖലകൾക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകൾ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമാകും. വ്യത്യസ്ത കേരളീയ രുചികളും തനതു രുചികളും പരിചയപ്പെടുത്താൻ ഭക്ഷ്യമേളകളും ആസൂത്രണം ചെയ്തിട്ടുണ്ട്. എട്ടു വേദികളിലായി ഫ്ളവർ ഷോ നടക്കും. കൂടാതെ വിവിധ വേദികളിലായി ഫിലിം ഫെസ്റ്റിവൽ ഉണ്ടാകും. നിയമസഭാ മന്ദിരത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച പുസ്തകോത്സവം ഇത്തവണ നിയമസഭയുടെ ആഭിമുഖ്യത്തിൽ ‘കേരളീയ’ത്തിന്റെ ഭാഗമായാണു സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments