ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പങ്കുവെച്ച ഔദ്യോഗിക ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘ദിൽ ജഷൻ ബോലെ’ എന്ന പേര് നൽകിയിരിക്കുന്ന ഔദ്യോഗിക ഗാനം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തത്.
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഗാനത്തിന്റെ വിവിധ ഘട്ടങ്ങളിലായി പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാരും പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശസ്ത സംഗീത സംവിധായകനായ പ്രീതം ചക്രവർത്തിയാണ് ദിൽ ജഷൻ ബോലെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്ലോഗ് ലാലും, കാവേരിമയും ചേർന്ന് രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നകാഷ് അസീസ്, ശീരാമ ചന്ദ്ര, അമിത് മിശ്ര, ജൊനീറ്റ ഗാന്ധി, ആകാസ, ചരൺ എന്നിവരാണ്.
നിരവധി ബീറ്റുകളും, ബാസി ഹുക് ട്യൂണുകളും ഉള്ള ഈ ഗാനം ക്രിക്കറ്റ് പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്. ഒക്ടോബർ 5-നാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് തുടക്കമാകുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയും, ന്യൂസിലൻഡ് തമ്മിൽ ഏറ്റുമുട്ടും. ഒക്ടോബർ 8-നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയിലെ എം.ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
Post Your Comments