തമിഴ് സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ മീര ആന്റണിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പോലീസ്. അതിനിടെ, മീരയുടെ ആത്മഹത്യാ കുറിപ്പ് അവരുടെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. ‘ലവ് യൂ ഓൾ, മിസ് യൂ ഓൾ’ എന്നാണ് കുറിപ്പിന്റെ തുടക്കം. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യാ കുറിപ്പിന്റെ പൂർണഭാഗം പുറത്തുവിട്ടിട്ടില്ല. മകളുടെ വേർപാടിന്റെ ആഘാതത്തിൽ നിന്നും മുക്തിയായ ശേഷം വിജയ് ആന്റണിയെയും ഭാര്യ ഫാത്തിമയെയും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പോലീസ് സമീപിക്കും.
അതേസമയം, മകൾക്കൊപ്പം താനും മരിച്ചുവെന്ന് വിജയ് ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ചു. മകളുടെ മരണത്തിന് ശേഷമുള്ള നടന്റെ ആദ്യത്തെ പ്രസ്താവനയാണിത്. വളരെ വൈകാരിതയോടെയാണ് വിജയ് ആന്റണിയുടെ പോസ്റ്റ്. മകളെയോർത്ത് എന്നും അഭിമാനിച്ചിരുന്ന ഒരു അച്ഛനായിരുന്നു വിജയ് ആന്റണി. വളരെ ബോൾഡായിരുന്ന പെൺകുട്ടിയാണ് മീര. അതിനാൽ തന്നെ മീരയുടെ ആത്മഹത്യ ഇതുവരെയ്ക്കും കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല.
‘എന്റെ പ്രിയപ്പെട്ടവരേ, എന്റെ മകൾ മീര സ്നേഹവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. അവൾ ഇപ്പോൾ ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത മെച്ചപ്പെട്ടതും നിശബ്ദവുമായ ഒരു സ്ഥലത്താണ്. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാൻ അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങി. ഞാൻ ഇപ്പോൾ അവൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു’, വിജയ് ആന്റണി ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments